കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയുടെ വിവിധയിടങ്ങളിൽ പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ- കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സ്‌ഫോടന കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗൗരവതരമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന വിമർശനം ശക്തമായിരുന്നു. ഒരാൾ കൊല്ലപ്പെട്ടിട്ടും കേസ് അന്വേഷണം വ്യാപകമാക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പത്തംഗ സംഘം ഉൾപ്പെട്ട കേസിൽ രണ്ട് പേർക്കെതിരെ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
അന്വേഷണം ഉന്നതരിലേക്കും എത്തിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പാർട്ടിയെ സംരക്ഷിക്കാനുള്ള നാടകം ആണ് ഇതെന്ന് ആയിരുന്നു ഉയർന്ന ആക്ഷേപം. വിമർശനം ശക്തമായതോടെ, സംസ്ഥാന വ്യാപകമായി പരിശോധ നടത്താൻ സംസ്ഥാന പോലീസ് മേധാവി എംആർ അജിത്ത് കുമാർ ഇന്നലെ നിർദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നത്. മുൻപ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസുകളിൽപ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിർമിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ വ്യാപകമായി പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. പാനൂരിലെ സ്ഫോടനത്തിന് പുറമെ മണ്ണന്തല സ്ഫോടനവും കണക്കിലെടുത്താണ് പോലീസ് നടപടി. 14 ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മിന്നൽ പരിശോധനയുൾപ്പെടെ നടത്താനും കർശന നിർദ്ദേശമുണ്ട്.
Discussion about this post