കണ്ണൂർ: പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഥുൻ ഗൂഡാലോചനയിൽ പങ്കെടുത്തയാളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ കണ്ടെത്തിയാൽ ബോംബ് നിർമിച്ചത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാകുമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, കണ്ണൂർ ജില്ലയുടെ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ എന്നീ മേഖലകളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ- കോഴിക്കോട് അതിർത്തി പ്രദേശങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Discussion about this post