തിരുവനന്തപുരം; പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നതെന്നും നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം ന്യായീകരിച്ചു.
നിയമപരമായിട്ട് തന്നെ ഇതിനെതതിരെ നടപടിയെടുക്കും. നടപടി എടുത്ത് കഴിഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയമായി കാര്യങ്ങളെ കാണേണ്ട ആവശ്യമില്ല. തെറ്റാണ് ചെയ്തിട്ടുള്ളത്. ആ തെറ്റ് ചെയ്തവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സി.പി.എം നേതാക്കൾ പോയതിനെയും അദ്ദേഹം ന്യായീകരിച്ചു. മരണവീട്ടിൽ പോകുന്നത് നിഷിദ്ധമായ കാര്യമല്ലെന്നും തെറ്റിനെയാണ് വെറുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരിച്ച വീടുകളിൽ പോകുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ അർഥം അവർ ചെയ്ത കുറ്റത്തോട് മൃദുസമീപനം ഉണ്ടെന്നല്ല. മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതി’, മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ശത്രുതാ മനോഭാവമാണ് ബിജെപിക്കും കോൺഗ്രസിനുമുള്ളത്. അതിനെതിരെ ഒരു വികാരം സംസ്ഥാനത്ത് ഉയർന്നുവന്നിട്ടുണ്ട്.അതിനനുസൃതമായ ഒരു വിധിയായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാകുക. തിരഞ്ഞെടുപ്പ് പോരാട്ടമാകുമ്പോൾ രാജ്യംനേരിടുന്ന പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സാധാരണ ചർച്ചചെയ്യുക. എന്നാൽ, ഇവർ രണ്ട് കൂട്ടരും ഇത്തരംപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാരബുദ്ധിയുമാണ് സംസ്ഥാനത്ത് ഇന്നുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുള്ളത്. അത് മറച്ചുവെക്കാനാണ് ഇവർക്ക് താത്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post