തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ ശക്തമാകാൻ സാദ്ധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തി. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഇന്ന് മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെയും 14 ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ മാസം 22 വരെ വേനൽ മഴ സംസ്ഥാനത്ത് തുടരും. അതേ സമയം മറ്റെന്നാൾ മുതൽ വേനൽ മഴ കുറയും.
ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആകും ജില്ലകളിൽ വേനൽ മഴ ലഭിക്കുക. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിന്റെ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.










Discussion about this post