തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ നടത്തിപ്പിൽ പോലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി സർക്കാർ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. തൃശ്ശൂർ പൂരം പോലീസ് ഇടപെട്ട് നിർത്തിവച്ചതുൾപ്പെടെ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണം ആയിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
തൃശ്ശൂർ പൂരത്തിനിടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും ഡിജിപി ഇടപെടുകയോ റിപ്പോർട്ട് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ പൂരം അലങ്കോലപ്പെടുത്തിയെന്നായിരുന്നു വിമർശനം.
ഇതിനിടെ കമ്മീഷണർ പൂരക്കാരെ തടയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും തടയുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലായിരുന്നു ഈ സംഭവങ്ങൾ നടന്നത്. ഇവരോടെല്ലാം അങ്കിത് അശോക് ദേഷ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
Discussion about this post