കണ്ണൂർ: ഇൻഡി സഖ്യം മുന്നണിയല്ലെന്നും അതൊരു സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡി സംഖ്യം എന്ന ഒരു മുന്നണിയില്ല. ഇതൊരു സംവിധാനമാണ്. ബി.ജെ.പിക്കെതിരെയുള്ള വിശാലമായ പ്ലാറ്റ്ഫോമാണ് ഉണ്ടായത്. അതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലാണ് ഈ പറയുന്ന കൂട്ടുകെട്ടുണ്ടാകുന്നത്. അതിന്റെ ഫലം ബി.ജെ.പി. നല്ല രീതിയിൽ ഒറ്റപ്പെടുന്നു എന്നാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്കെതിരെയുള്ള പൊതുവികാരം ശക്തമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് കാര്യങ്ങൾ തീരുമാനിക്കുക. രാഹുൽ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് തീരുമാനിച്ചോ എന്ന് അറിയില്ല. എന്നാൽ ഇതേവരെ പറഞ്ഞിട്ടുള്ളത് ഞങ്ങളാരും തീരുമാനിച്ചിട്ടില്ല എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ സമീപിക്കാൻ കോൺഗ്രസുകാർ തയ്യാറായിരുന്നല്ലോ. ആ അനുഭവം ജനങ്ങൾക്കുള്ളതുകൊണ്ട് ആ പ്രചാരണം ഫലിക്കില്ല. തിരഞ്ഞെടുപ്പിൽ പൊതുവായി ബി.ജെ.പിക്കെതിരെയുള്ള കക്ഷികൾ നേടിക്കഴിഞ്ഞാൽ ആ ഘട്ടത്തിലാണ് ആര് നേതാവാകണം എന്ന് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post