ന്യൂഡൽഹി: ഭഗവാൻ ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി വിൽക്കുന്നത് തടഞ്ഞ് പോലീസ്. ഡൽഹിയിലെ ജഹാംഗിർപുരിയിലാണ് സംഭവം. ഹിന്ദു വിശ്വാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഇടപെടൽ.
വഴിയോരത്ത് ബിരിയാണി വിൽപ്പന നടത്തുന്ന യുവാവാണ് രാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ആളുകൾക്ക് ഭക്ഷണം നൽകിയിരുന്നത്. ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന പേപ്പർ പ്ലേറ്റുകൾ ആയിരുന്നു ഇവ. ഇവിടെ ബിരിയാണി കഴിക്കാൻ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം ഹിന്ദു സംഘടനകളെ അറിയിക്കുകയായിരുന്നു.
മുട്ടയും മാംസവും കൊണ്ടുള്ള ബിരിയാണികൾ ആയിരുന്നു ഇയാൾ വിൽപ്പന നടത്തിയത്. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പ്ലേറ്റുകൾ വഴി നീളെ കിടക്കുകയും ഇതിന് മുകളിലൂടെ ആളുകൾ നടക്കുകയും ചെയ്തതോടെ ഹിന്ദു സംഘടനകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് എത്തി കട പരിശോധിച്ചു. ബിരിയാണി വിൽപ്പനക്കാരനെ താക്കീത് ചെയ്ത പോലീസ് കടയിൽ സൂക്ഷിച്ചിരുന്ന നാല് പാക്കറ്റ് പ്ലേറ്റുകളും പിടിച്ചെടുത്തു.
അതേസമയം ഹിന്ദു വിശ്വാസികളെയും ദൈവങ്ങളെയും മനപ്പൂർവ്വം അപമാനിക്കുകയായിരുന്നു കടക്കാരന്റെ ലക്ഷ്യമെന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
Discussion about this post