തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കു തർക്കത്തിൽ നിലപാടറിയിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. സിപിഎമ്മിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടെങ്കിലും മേയറുടെ വാക്കു മാത്രം വിശ്വസിച്ച് നടപടിെയടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. പോലീസിന്റെയും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെയും റിപ്പോർട്ട് വരുന്നതു വരെ കെഎസ്ആർടിസി ഡ്രൈവർ യദുവിനൈതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടുകളിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർക്കെതിരെ നടപടിയെടുക്കൂ. ന്യായത്തിന്റെ ഭാഗത്താണ് നിൽക്കേണ്ടത്. എതിർ ഭാഗത്ത് മേയറും എംഎൽഎയും ആണെന്ന് കരുതി കാര്യമറിയാതെ ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നും ഗണേഷ് കുമാർ നിലപാടെടുത്തു. സംഭവസമയത്ത് ബസിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്കെതിരെ പറഞ്ഞിട്ടില്ല. ഇതാണ് ഗതാഗത മന്ത്രിയുടെ ഉറച്ച നിലപാടിന് കാരണം. കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും ഡ്രൈവർ യദുവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിലെ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തയപുരത്തേക്കുള്ള ബസിൽ റിസർവേഷൻ ചെയ്തവരുടെ മൊഴിയാണ് രേഖെപ്പടുത്തിയത്. ബസിലെ കണ്ടക്ടറും യാത്രക്കാരും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.
മേയറും സംഘവും ഡ്രൈവറെ പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്നാണ് യാത്രക്കാർ മൊഴി നൽകിയത്. യാത്രക്കാർ ഇറങ്ങേണ്ട സ്ഥലത്തിനും രണ്ട് കിലോമീറ്റർ ശേഷിക്കെയാണ് പ്രശ്‌നം നടന്നത്. എന്നിട്ടും ഇവരെ പൊതുവഴിയിൽ ഇറക്കി വിടുകയായിരുന്നു. എംഎൽഎ നേരിട്ട് ബസിൽ കയറി വന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്. ഡ്രൈവർ കുറ്റക്കാരാണെന്നും കസ്റ്റഡിയിലെടുക്കുകയാെണന്നും ആണ് പോലീസും വന്ന് പറഞ്ഞതെന്നും യാത്രക്കാർ അറിയിച്ചു.
Discussion about this post