ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാളിന്റെ വെളിപ്പെടുത്തൽ. കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാർ മർദ്ദിച്ചു എന്നായിരുന്നു മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂടിയായ സ്വാതി പറഞ്ഞത്. വളരെ വേഗം ഇത് വലിയ വാർത്തയാകുകയും പരാമർശത്തിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുകയും ചെയ്തു. വലിയ വിമർശനങ്ങൾ ആയിരുന്നു കെജ്രിവാൾ വിഷയത്തിൽ ഏറ്റുവാങ്ങേണ്ടിവന്നത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് തുടർ വിവരങ്ങൾ ഒന്നും പിന്നീട് പുറത്തുവന്നിരുന്നില്ല. ഇതിനിടെ ഇപ്പോൾ സ്വാതിയെ കാണാനില്ലെന്നാണ് പുതുതായി ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സ്വാതിയെ ബന്ധപ്പെടാൻ ഡൽഹി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഫോണിൽ പോലും ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
വെളിപ്പെടുത്തൽ വാർത്തയായതിന് തൊട്ട് പിന്നാലെ തന്നെ പരസ്യ പ്രതികരണത്തിൽ നിന്നും സ്വാതി വിട്ട് നിന്നിരുന്നു. ഇതിന്റെ കാരണം സംബന്ധിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ ആണ് സ്വാതിയെ കാണാനില്ലെന്ന വാർത്തകൾ. ആംആദ്മിയാണ് ഇതിന് പിന്നിൽ എന്നാണ് ഉയരുന്ന ആരോപണം. പാർട്ടിയുടെ സമ്മർദ്ദത്തെയും ഭീഷണിയെയും തുടർന്നാണ് സ്വാതി പൊതുമദ്ധ്യത്തിൽ വരാത്തത് എന്നും സൂചനയുണ്ട്. സ്വാതിയ്ക്കായി ബന്ധു വീടുകളിലും ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയാണ്.
സ്വാതിയുടെ ജീവൻ അപായത്തിലാണെന്ന് കഴിഞ്ഞ ദിവസം മുൻ ഭർത്താവ് നവീൻ ജയ്ഹിന്ദ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ സ്വാതിയെ കാണാനില്ലെന്ന വാർത്തകൾ അൽപ്പം ഭയവും ആളുകളിൽ ഉണ്ടാക്കുന്നുണ്ട്.
Discussion about this post