ആലപ്പുഴ: മത്സിക്കുന്ന മണ്ഡലങ്ങളിലെല്ലാം റെക്കോർഡ് വോട്ട് വർദ്ധനയുണ്ടാക്കിയ ചരിത്രം. ഉണ്ടായിരുന്ന ഒരു തരി കനൽ കൂടി കെടുത്താൻ ലക്ഷ്യമിട്ടു തന്നെയായിരുന്നു ബിജെപിയുടെ തുറുപ്പുചീട്ട് ശോഭ സുരേന്ദ്രനെ ആലപ്പുഴയിൽ അങ്കത്തിനിറക്കിയത്. ബിജെപിയുടെ തീരുമാനം കടുകിട തെറ്റിയില്ലെന്നതിന്റെ നേർകാഴ്ച്ചയായിരുന്നു ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ശോഭയുടെ പ്രകടനം.
ആലപ്പുഴയുടെ പല ഇടത് കോട്ടകളെയും ശോഭയ്ക്ക് നിസാരമായി തകർത്തെറിയാൻ കഴിഞ്ഞു. മൂന്ന് ലക്ഷത്തോടടുത്ത് വോട്ടുകളാണ് ബിജെപിയുടെ പെൺകരുത്ത് ആലപ്പുഴയിൽ പിടിച്ചെടുത്തത്. ഇതോടെ കഴിഞ്ഞ വർഷത്തെ റെക്കോർഡ് ബിജെപി തന്നെ തിരുത്തിക്കുറിച്ചു. സിപിഎമ്മിന് മേൽകൈയ്യുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ വെറും 200 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ആരിഫുമായി ശോഭയ്ക്കുണ്ടായിരുന്നത്.
കഴിഞ്ഞ തവണ ആരിഫിന് വിജയം നേടിക്കൊടുത്തതിൽ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങൾ ചേർത്തലയും കായംകുളവുമായിരുന്നു. എന്നാൽ, ഈ രണ്ട് കോട്ടകളും ശോഭ തകർത്തെറിഞ്ഞു. ഹരിപ്പാടും കായംകുളത്തും ശോഭ രണ്ടാം സ്ഥാനം നേടി. കരുനാഗപ്പള്ളിയിലും അമ്പലപ്പുഴലയിലും വെറും 200 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇടതുമായി ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ സ്വാധീന മേഖലയായി പറഞ്ഞുപോന്നിരുന്ന ഹരിപ്പാട്ടെ കരുവാറ്റ, കുമാരപുരം, ചെറുതന പഞ്ചായത്തുകളിലും ശോഭ വലിയ തോതിൽ ലീഡ് ചെയ്തു.
Discussion about this post