തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പൂർണമായി പുറത്ത് വന്നതോടെ കേരളരാഷ്ട്രീയവും കലങ്ങിമറിയുകയാണ്. 2019 ലെ പോലെ സംസ്ഥാനത്ത് ഇത്തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. ഇടതുകോട്ടകൾ പലതും നിലംപരിശാവുകയും മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും പാർട്ടിയെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 19 മണ്ഡലങ്ങളിൽ മാത്രമേ എൽഡിഎഫിന് ഒന്നാമതെത്താനായുള്ളു.
പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, മട്ടന്നൂര്‍, തലശേരി, മലമ്പുഴ, ഷൊര്‍ണൂര്‍, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, കയ്പമംഗലം, കൊടുങ്ങല്ലൂര്‍, വൈക്കം, മാവേലിക്കര, കൊട്ടാരക്കര, കുന്നത്തൂര്‍, വർക്കല എന്നിവയാണ് ചുവന്ന് തന്നെയിരുന്ന മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളില്‍ തന്നെ പലിയിടത്തും നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത് എന്നത് ഒരു വസ്തുതയാണ്.
ഇതിൽ പ്രധാനപ്പെട്ടകാര്യം കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ലോക്സഭയിൽ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബിജെപി നിയമസഭയിലും ഇടതിനൊപ്പം നിൽക്കുന്ന സ്ഥിതി എൽഡിഎഫിന്റെ മുന്നോട്ടുപോക്കിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 11 നിയമസഭാ സീറ്റുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയത് കൂടാതെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് എന്നീ എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് എന്നത് സിപിഎമ്മിനുള്ളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
പിണറായിമന്ത്രിസഭയിലെ അംഗങ്ങളായ കെ.രാജന്റെ ഒല്ലൂർ, വി.ശിവൻകുട്ടിയുടെ നേമം, ആർ.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉൾപ്പെടുന്നുവെന്നത് ഇടതുപക്ഷത്തിന് തങ്ങളേറെ തിരുത്താനുണ്ടെന്നതിന്റെ തെളിവാവുകയാണ്. ഈ സ്ഥിതി തുടർന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് തേരോട്ടം നടത്തുമ്പോൾ ഗാലറിയിലിരുന്ന് മത്സരം കാണേണ്ട ഗതി വരുമെന്നതിൽ സംശയമില്ല.
Discussion about this post