തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ച കെ.മുരളീധരനെ അനുനയിപ്പിക്കാൻ യുഡിഎഫ്. അദ്ദേഹത്തെ വയനാട്ടിലേക്ക് പരിഗണിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കൾ മുരളീധരനെ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ വിഷമം മാറാത്ത സാഹചര്യത്തിലാണ് വയനാട്ടിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്.
റായ്ബറേലിയിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജിവച്ചേക്കും. ഈ ഒഴിവിൽ മുരളീധരനെ നിർത്താനാണ് യുഡിഎഫിന്റെ ആലോചന. കെ മുരളീധരന് വയനാട്ടിൽ നിന്ന് മത്സരിച്ച് ജയിച്ച പാരമ്പര്യം ഉണ്ട്. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വയനാട്ടിലേക്ക് പരിഗണിക്കുന്നത്. അതേസമയം വയനാട്ടിൽ കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്കാ വാദ്ര മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. അതിനാൽ പ്രിയങ്ക മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ മുരളീധരന് അവസരം ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
കെ. രാധാകൃഷ്ണൻ ജയിച്ചതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചേലക്കര നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ നിർത്താനാണ് തീരുമാനം.
Discussion about this post