കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ത്യൻ ഗോർബച്ചേവ് എന്ന് വിശേഷിപ്പിച്ച് മുതിർന്ന സിപിഎം നേതാവ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ഒരു ദേശീയമാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഈ വിശേഷണം. കേരളത്തിലെ ഗോർബച്ചേവാണോ പിണറായി വിജയൻ എന്ന ചോദ്യത്തിന് ഇന്ത്യയുടെ ഗോർബച്ചേവാണ് പിണറായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മോദിക്ക് എന്ന പോലെ അസാമാന്യമായ കഴിവുള്ള ആളാണ് പിണറായി വിജയൻ. എല്ലാ സർവാധിപതികളും തെറ്റിദ്ധരിക്കുന്നതുപോലെ താനാണ് എല്ലാമെന്ന് പിണറായിയും തെറ്റിദ്ധരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ രണ്ടാം ഊഴം വന്നതോടെയാണ് ഇടുപക്ഷത്തിന്റെ തകർച്ച ആരംഭിച്ചത്. രണ്ട് വർഷത്തിൽ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ കേരളത്തിൽ നിന്നു തന്നെ ഇടതുപക്ഷം അപ്രത്യക്ഷമാകും.കേരളത്തിലെ ഇടതുപക്ഷ മനസുകളുടെ വിശ്വാസത്തെ പിണറായി വിജയന്റെ ഗവൺമെന്റ് ചവിട്ടിത്തെറിപ്പിച്ചു. അതിനെ തിരുത്താൻ ഇനിയുള്ള രണ്ട് വർഷത്തിൽ കഴിയുന്നില്ലെങ്കിൽ കേരളത്തെ കൂടി ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിഎസ് അച്യുതാനന്ദൻ ഇന്ന് സജീവമായിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ പാർട്ടിക്ക് വേണ്ടി മുന്നിൽ നിന്ന് പോരാൻ അദ്ദേഹം ഉണ്ടാകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വിഎസ്സിനോടുള്ള തന്റെ സമീപനം മാറുന്നത് അദ്ദേഹം മാത്രമേ പാർട്ടിക്കുള്ളിൽ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് കൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ളൂ എന്ന് മനസ്സിലാക്കിയപ്പോഴാണ്. അത് ശരിയാണെന്ന് കാലം തെളിയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post