തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി സിപിഐ. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും ആണ് മുഖ്യമന്ത്രിയുടെ രാജി വേണമെന്ന ആവശ്യം ഉയർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ലഭിച്ച തിരിച്ചടിയ്ക്ക് കാരണം ഭരണ വിരുദ്ധ വികാരം ആണെന്നാണ് മുന്നണിയ്ക്കുള്ളിലെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളിൽ അതൃപ്തിയുമുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം.
തിരഞ്ഞെടുപ്പ് തോൽവിയിൽ എക്‌സിക്യൂട്ടീവ് യോഗത്തിലും ജില്ലാ കൗൺസിലിലും മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. മുഖ്യമന്ത്രി മാറാതെ മുന്നണിയ്ക്ക് നഷ്ടമായ പ്രതാപം തിരിച്ച് പിടിയ്ക്കാൻ കഴിയില്ലെന്നാണ് അണികളുടെ അഭിപ്രായം. ഇക്കാര്യം തുറന്നുപറായനുള്ള ആർജ്ജവം നേതൃത്വം കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ധാർഷ്യമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും രണ്ടാം പിണറായി സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ നിന്നും സാധനങ്ങൾ കിട്ടാതെ ആയതും പെൻഷൻ നൽകാൻ കഴിയാതിരുന്നതും തിരിച്ചടിയായെന്നും ഇരു യോഗങ്ങളും വിലയിരുത്തി. മുഖ്യമന്ത്രിയ്‌ക്കെതിരായ വികാരം ആണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ആലപ്പുഴ യോഗത്തിൽ വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎമ്മിൽ ആർക്കും ധൈര്യമില്ല. പരനാറി പോലെയുള്ള പ്രയോഗങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത് തിരുത്താൻ മുഖ്യമന്ത്രി തയ്യാറല്ല. കാർ കൂറിലോസിനെതിരായ വിവരദോഷി പരാമർശം ഇതിന് തെളിവാണ്. കൃഷി വകുപ്പിനെയും സപ്ലൈകോയെയും സർക്കാർ അവഗണിക്കരുത് ആയിരുന്നു. ഇതും തിരിച്ചടിയായി. തൃശ്ശൂരിൽ സിപിഐ സ്ഥാനാർത്ഥി തോറ്റതിന് പിന്നിൽ ചില സംശയങ്ങൾ ഉണ്ടെന്നും യോഗങ്ങൾ വിലയിരുത്തി.
Discussion about this post