മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മോദിയുടെ വലംകൈ അജിത് ഡോവൽ ചുമതല ഏൽക്കുകയാണ്. ഡോവലിന് മൂന്നാം തവണയും നിയമനം നൽകിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 10.06.2024 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ക്യാബിനറ്റിൻ്റെ നിയമന സമിതി ആണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമന്ത്രി മോദിയുടെ കാലാവധിക്കൊപ്പമോ അല്ലെങ്കിൽ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാകുന്നതുവരെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണും കാതും എന്നറിയപ്പെടുന്ന അജിത് ഡോവൽ 1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 1945-ൽ ഉത്തരാഖണ്ഡിൽ ജനിച്ച അദ്ദേഹം സൈനിക ഉദ്യോഗസ്ഥർക്കുള്ള ധീരതയ്ക്കുള്ള പുരസ്‌കാരമായ കീർത്തി ചക്ര മെറിറ്റോറിയസ് സർവീസ് ലഭിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. ഐബി മേധാവിയായിരുന്ന ഡോവൽ 2014 മെയ് 31നാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. 1972ലാണ് അജിത് ഡോവൽ ഇൻ്റലിജൻസ് ബ്യൂറോയിൽ ചേർന്നത്. തൻ്റെ 46 വർഷത്തെ സേവനത്തിൽ 7 വർഷം മാത്രമാണ് അദ്ദേഹം പോലീസ് യൂണിഫോം ധരിച്ചിട്ടുള്ളത്. ഔദ്യോഗിക സേവന കാലയളവിന്റെ ഭൂരിഭാഗവും രഹസ്യാന്വേഷണ ജോലിയായിരുന്നു അജിത് ഡോവൽ നിർവഹിച്ചിരുന്നത്.
ഇന്ത്യയിൽ ദേശീയ സുരക്ഷാ കൗൺസിലിൻ്റെ തലവൻ കൂടിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ദേശീയ അന്തർദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയ്ക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുക എന്നതാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി. 1998 ൽ രാജ്യത്ത് രണ്ടാം തവണ ആണവ പരീക്ഷണം നടത്തിയപ്പോഴാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന തസ്തിക ഇന്ത്യയിൽ ആദ്യമായി സൃഷ്ടിക്കപ്പെട്ടത്.
വ്യോമസേനയിലെയും നാവികസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി തന്ത്രങ്ങൾ ചർച്ച ചെയ്യുന്നത് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഓരോ നിമിഷവും ദേശീയ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതുവരെ നിരവധി കാര്യങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കപ്പെടുന്നത്. 2016 സെപ്റ്റംബറിൽ നടന്ന ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കും 2019 ഫെബ്രുവരിയിൽ പാകിസ്താൻ അതിർത്തി കടന്ന് നടത്തിയ ബാലാകോട്ട് വ്യോമാക്രമണവുമെല്ലാം ഡോവലിൻ്റെ മേൽനോട്ടത്തിലാണ് നടത്തിയത്. ഡോക്‌ലാം തർക്കം അവസാനിപ്പിക്കാനും വടക്കുകിഴക്കൻ മേഖലയിലെ കലാപത്തെ നേരിടാൻ നിർണായക നടപടികൾ സ്വീകരിക്കാനും നേതൃത്വം വഹിച്ചതും അജിത് ഡോവൽ തന്നെയായിരുന്നു.
1968-ൽ ഐപിഎസ് ഓഫീസറായി പോലീസ് ജീവിതം ആരംഭിച്ച ഡോവൽ മിസോറാമിലും പഞ്ചാബിലും വിമത വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1999-ൽ കാണ്ഡഹാറിൽ ഹൈജാക്ക് ചെയ്യപ്പെട്ട IC-814-ൽ നിന്ന് യാത്രക്കാരെ മോചിപ്പിക്കുന്ന ദൗത്യത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 1971 നും 1999 നും ഇടയിൽ ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ട പല സംഭവങ്ങളിലും മോചനം സാധ്യമായത് ഡോവലിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ആയിരുന്നു. ഏഴ് വർഷം പാകിസ്താനിൽ രഹസ്യാന്വേഷണ പ്രവർത്തകനായും അജിത് ഡോവൽ പ്രവർത്തിച്ചു. ഒരു വർഷം രഹസ്യ ഏജൻ്റായി സേവനമനുഷ്ഠിച്ച ശേഷം ആറ് വർഷത്തോളം ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്തുകൊണ്ടാണ് ഡോവൽ പാകിസ്താനിൽ പ്രവർത്തിച്ചിരുന്നത്. 1984-ൽ ഖാലിസ്ഥാനി തീവ്രവാദത്തെ തകർക്കാനുള്ള ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാറി’ൻ്റെ രഹസ്യാന്വേഷണ വിവരശേഖരണത്തിലും ഡോവൽ ഒരു പ്രധാന പങ്ക് വഹിച്ചു.
2009-ൽ ഇന്റലിജൻസ് ബ്യൂറോ സർവീസിൽ നിന്നുംവിരമിച്ച ശേഷം അജിത് ഡോവൽ വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ സ്ഥാപക ഡയറക്ടറായി ചുമതല നിർവഹിച്ചു വന്നിരുന്ന കാലഘട്ടത്തിലാണ് 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുന്നത് . മോദിയുടെ പ്രത്യേക താല്പര്യപ്രകാരം അജിത് ഡോവൽ രാജ്യ സുരക്ഷാ ചുമതലയിലേക്ക് തിരികെ പ്രവേശിച്ചു.
2014ൽ ഇറാഖിലെ തിക്രിത്തിൽ ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരുടെ മോചനത്തിനായി നേതൃത്വം നൽകിയത് അജിത് ഡോവലിന്റെ പ്രാധാന്യം രാജ്യത്തിന് കാണിച്ചുതന്ന സംഭവമായിരുന്നു. പിന്നീട് മ്യാൻമറിൽ പ്രവർത്തിച്ചു വന്നിരുന്ന നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് തീവ്രവാദികൾക്കെതിരെ ആർമി ചീഫ് ജനറൽ ദൽബീർ സിംഗ് സുഹാഗിനൊപ്പം മ്യാൻമറിൽ നടത്തിയ വിജയകരമായ സൈനിക നടപടിക്കും ഡോവൽ നേതൃത്വം നൽകി.
2019 ൽ ഡോവലിനെ അഞ്ച് വർഷത്തേക്ക് കൂടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ക്യാബിനറ്റ് റാങ്ക് നൽകിക്കൊണ്ടാണ് ഡോവലിനെ പ്രധാനമന്ത്രി തന്റെ വലംകൈയായി ചേർത്ത് നിർത്തിയിരുന്നത്. ഇപ്പോൾ ഇതാ മൂന്നാം നരേന്ദ്രമോദി സർക്കാരിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ അല്ലാതെ മറ്റൊരു പേരും ചിന്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നും അവസാനിച്ചിട്ടില്ല, കളികൾ ഇനിയും ബാക്കിയുണ്ട് എന്ന് തന്നെയാണ് ഡോവലിന്റെ പുനർനിയമനത്തിലൂടെ മോദി ലോകത്തിനു മുൻപിൽ വ്യക്തമാക്കുന്നത്.
Discussion about this post