തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
ക്ഷേത്രത്തിൽ എത്തിയ സുരേഷ് ഗോപിയെ ദേവസ്വം ചെയർമാൻ ഡോ. വികെവിജയൻ, അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, ഡിഎ കെഎസ്മായാദേവി എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ സ്വീകരിച്ചു.
ചെയർമാൻ ഡോ വികെവിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഗുരുവായൂരപ്പന്റേതെന്ന് കരുതി സ്വീകരിക്കുന്നുവെന്നായിരുന്നു അപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം.
കിഴക്കേ നടയിലെ ഗണപതി അമ്പലത്തിൽ ഭഗവാനെ തൊഴുതു നാളികേരമുടച്ചു. ഇതിന് പിന്നാലെയായിരുന്നു ഗുരുവായൂരപ്പന്റെ നടയിൽ എത്തിയത്. കണ്ണന്റെ സോപാനത്തിൽ നറുനെയ്യും കദളിപ്പഴവും അദ്ദേഹം സമർപ്പിച്ചു. ക്ഷേത്രത്തിൽ കാണിക്കയും അർപ്പിച്ചു. ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷം കൊടിമരച്ചുവട്ടിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. 40 മിനിട്ടോളമാണ് അദ്ദേഹം ക്ഷേത്രത്തിൽ ചിലവിട്ടത്. ശേഷം വൈകീട്ട് ആറേ കാലോടെ ക്ഷേത്രത്തിൽ നിന്നും മടങ്ങി.
പോകുന്നതിന് മുൻപായി സുരേഷ് ഗോപിയ്ക്ക് ദേവസ്വം ബോർഡ് ഉപഹാരവും നൽകി. ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ചുമർചിത്രവും നിലവിളക്കും ആയിരുന്നു നൽകിയത്.
Discussion about this post