മുഖം കണ്ടാൽ ഒരു സുന്ദരൻ പാമ്പ് ,നടപ്പും ഭാവവുമെല്ലാം കണ്ടാലോ ദിനോസറിന്റെ വകയിലെ ബന്ധു…ആരാണെന്ന് മനസിലായോ അ…… മറന്നല്ലേ… അവനാണ് അരണ. പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യവും ചാടാനും ഓടാനുമുള്ള കഴിവൊക്കെ വാരിക്കോരി കൊടുത്ത സൃഷ്ടാവ് പക്ഷേ ഒന്ന് മാത്രം കൊടുത്തില്ല… അത് എന്താണല്ലേ? ഓർമ്മശക്തി അല്ലാതെന്ത്… തലവാലറ്റം വരെ തിരിയുമ്പോഴേക്കും അല്ല ചേട്ടാ ഞാനെന്തിനാ ഇപ്പോ തിരിഞ്ഞെ എന്ന് വരെ ചോദിക്കുന്ന മണ്ണുണ്ണിയാണെന്നൊക്കെ ഇവരെപറ്റി കഥകളുണ്ട്.
ഓർമ്മക്കുറവുള്ളവരെ നിനക്കെന്താടാ അരണബുദ്ധിയാണോ എന്ന് കളിയാക്കുന്ന പ്രയോഗം വരെ മനുഷ്യർക്കിടയിലുണ്ടല്ലോ. അത് മാത്രമല്ല അരണകടിച്ചാലുടനെ മരണം എന്ന പഴഞ്ചൊല്ല് വരെയുണ്ട്. ഇതൊക്കെ ആര് പടച്ച് വിടുന്നതാണാവോ
അരണ കടിച്ച് ആരും ഇതുവരെ മരിച്ചിട്ടില്ല എന്നുമാത്രമല്ല അരണ കടിച്ച് ഒരാളും ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി പോലും കേട്ടിട്ടില്ല. മനുഷ്യരെ കടിക്കാനുള്ള ത്രാണിയും വിഷപ്പല്ലും വിഷസഞ്ചിയും ഒന്നും ഈ പാവത്തിന് ഇല്ലതാനും . അബദ്ധത്തിലെങ്ങാൻ ഒരു അരണ ആരെയെങ്കിലും കടിക്കാൻ ശ്രമിച്ചാൽ വേദനപോലും ഉണ്ടാവില്ല. കുഞ്ഞിപ്പല്ല് തട്ടി ഒരു ഇക്കിളി ഉണ്ടായാൽ ആയി. അച്ചോടാ പാവം. പഴങ്കഥകൾ മാരക വിഷജീവിയാക്കി മാറ്റിയ ഒരു നിർഗുണൻ.
തലയും ശരീരവും കാഴ്ചയിൽ പാമ്പിനെപ്പോലെ തോന്നുമെങ്കിലും അരണകൾക്ക് കുഞ്ഞിക്കാലുകളുണ്ട്.. ചില ഇനങ്ങൾക്ക് കാലുകൾ കുറുകി കുറുകി ഒട്ടും കാലുകൾ ഇല്ലാത്തതുപോലെ തന്നെ തോന്നും. തലനീട്ടി നാവ് പുറത്തിട്ടുള്ള നിൽപ്പ് ആൾക്കാർക്കിടയിൽ പാമ്പാണോ എന്ന ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതാണ് യാഥാർത്ഥ്യം. ചെതുമ്പലുള്ള ശരീരവും പടം പൊഴിക്കുന്ന സ്വഭാവവും ഉള്ള സ്‌ക്വാമേറ്റുകളിൽപ്പെടുന്ന ഉരഗവർഗജീവികളാണ് അരണകളെന്നറിയാമോ. സിൻസിഡെയ് ഉരഗ ഉപഗോത്രത്തിലെ ഒരംഗം. 100-150 ദശലക്ഷം വർഷം മുൻപ് ഉരുത്തിരിഞ്ഞതാവാം ഈ വിഭാഗം. ലോകത്തെങ്ങുമായി 180 ജനുസുകളിലായി 1685 സ്പീഷിസ് അരണകളെയാണ് ഇതുവരെ ആയി ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുള്ളത്. ആർട്ടിക്ക്, സബ് ആർട്ടിക്ക് പ്രദേശങ്ങളിൽ ഒഴികെ ലോകത്തിൽ എല്ലായിടങ്ങളിലും അരണകൾ ഉണ്ട്.
ത്രികോണാകൃതിയിൽ പരന്ന തലയിൽ അടുക്കായി വലിപ്പം കൂടിയ ശൽക്കങ്ങൾ കാണാം. കഴുത്തില്ലാത്ത ശരീരം. ദേഹം നിറയെ മിനുസവും തിളക്കവുമുള്ള ചെതുമ്പലുകൾ ഉണ്ടാവും. തലയ്ക്ക് കോണാകൃതിയാണ്. പരന്ന തലയോട്ടിയും ശൂലം പോലുള്ള നാവും ഇവയുടെ സവിശേഷതയാണ്. നാവിൽ പല്ലു പോലെയുള്ള ശല്ക്കങ്ങളുണ്ട്. ശരീരത്തിന് മുകൾഭാഗം ബ്രൗൺ നിറമാണുണ്ടാകുക. കണ്ണിനു മുകളിൽ നിന്ന് ആരംഭിച്ച് വാലറ്റം വരെ അരികികുകളിൽ നീളത്തിൽ വര കാണാം. ഇത് ശത്രുക്കൾക്ക് ഇവരുടെ ശരീരശാസ്ത്രത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി രക്ഷപ്പെടാനായുള്ള സൂത്രമാണ്. അടിഭാഗം വെളുപ്പോ , മഞ്ഞകലർന്ന ക്രീം വെളുപ്പോ ആയാണ് കാണപ്പെടുന്നത്.
ലോകത്തിലെ അരണ ഇനങ്ങളിൽ പകുതിയും മുട്ടയിടൽ രീതിക്കാരാണ്. ബാക്കിയുള്ള ഇനങ്ങൾ ഇണചേർന്ന് മുട്ട ഉള്ളിൽ തന്നെ വെച്ച് വിരിയിച്ച ശേഷമാണ് പുറത്തേക്ക് വിടുക. ഒരുതരത്തിൽ പ്രസവം എന്നും പറയാം. കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഏർപ്പാടൊന്നും പൊതുവെ ഇല്ല. നീ ആയി നിന്റെ പാടായി എന്നാണ് അരണയുടെ തത്വം.
പകൽ സമയം ഊരുചുറ്റാനാണ് ഇഷ്ടം. ഭക്ഷണം തേടലും ഇണയെ ആകർഷിക്കാനുള്ള തന്ത്രങ്ങളുമൊക്കെ പകൽ പയറ്റുന്നതല്ലേ അതിന്റെ ഒരു ത്രിൽ. മണം പിടിക്കുന്നതും ഇരകളുടെ സാന്നിദ്ധ്യം തിരിച്ചറിയാനും ഇവയെ സവായിക്കുന്നത് നാവുകളാണ്. പൊതുവെ എല്ലാ അരണകളുടേയും കൺപോളകൾ ചലിപ്പിക്കാനാവും. ചില അരണകൾ കണ്ണ് അടക്കുമ്പോൾ അതാര്യ ശൽക്കങ്ങൾ ഉള്ള കീഴ് കൺ പോളയാകും ഉണ്ടാകുക. ചില ഇനങ്ങളിൽ കൺപോളയുടെ മദ്ധ്യഭാഗത്ത് സുതാര്യമായ ഒരു വിടവ് ഉണ്ടാകും. അതിനാൽ കണ്ണടച്ചാലും കാഴ്ചകൾ കാണാം. ചീവീടുകൾ, ചിലന്തികൾ, തുള്ളന്മാർ, വണ്ടുകൾ , മണ്ണീര, ഒച്ച്, തേരട്ട തുടങ്ങിയവയേയെല്ലാം അകത്താക്കും. എന്നാൽ കാക്ക മുതൽ കുറുക്കൻമാർ വരെ ഇവരുടെ ശത്രുക്കളാണ്. പാവങ്ങളുടെ പാമ്പൊന്ന ഭാവമൊന്നും ശത്രുക്കൾക്കില്ലെല്ലോ ?
ആപത് ഘട്ടത്തിൽ പല്ലികളെ പോലെ വാൽമുറിച്ചിട്ടോടുന്ന ഓട്ടോടോമി സൂത്രം അരണയും പയറ്റാറുണ്ട്. വേദനയും വല്യ ബുദ്ധിമുട്ടും ഉള്ള ഈ പരിപാടി വളരെ അപൂർവ്വം സന്ദർഭങ്ങളിലാണ് പ്രയോഗിക്കുക. വാൽ മുറിച്ചിടുന്നത് മൊത്തെത്തിൽ നഷ്ടക്കച്ചവടമാണെന്ന് അതിനറിയാം. അത് കൊണ്ട് ശരീരത്തിലെ കൊഴുപ്പുകൾ ശേഖരിച്ച് വെക്കുന്ന ഇടം കൂടിയായതിനാൽ മുറിച്ചിട്ട വാൽ സൗകര്യം കിട്ടിയാൽ സ്ഥലം ഓർത്ത് വെച്ച് തിരിച്ച് വന്ന് കണ്ടുപിടിച്ച് അകത്താക്കുന്ന ശീലം ഉണ്ട്. എത്രയോ കാലം കൊണ്ട് വളർത്തിവലുതാക്കിയ വാൽ ചുമ്മാ നഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ഇത്രയും ഓർമ്മയുള്ള ജീവിയെ ആണ് മറവിക്കാരൻ എന്ന് നമ്മൾ കളിയാക്കുന്നതെന്നോർക്കുക.
Discussion about this post