ആലപ്പുഴ: കാറിനുള്ളിൽ സ്വമ്മിംഗ് പൂൾ നിർമ്മിച്ച യുട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയത് യൂട്യൂബ്. നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കിയത്. തുടർച്ചയായി ഗതാഗതനിയമ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് സഞ്ജുവിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാൻ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എട്ട് വീഡിയകൾ ആണ് നീക്കം ചെയ്തത്. വീഡിയോകൾ യുവാക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണ് നീക്കം ചെയ്യാൻ ആർടിഒ നിർദ്ദേശിച്ചത്.
ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സഞ്ജു ടെക്കിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. പൊതുസമൂഹത്തിൻറെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചതായി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിൽ മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നു. സഞ്ജു ടെക്കി വീണ്ടും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാകുമെന്നും ഉത്തരവിൽ ഉണ്ട്.
സഞ്ജു ടെക്കിയ്‌ക്കെതിരായ നടപടിയുടെ ഭാഗമായി ഇയാളുടെ വീഡിയോകൾ എല്ലാം മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഇതിലാണ് കൂടുതൽ ഗതാഗത നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
Discussion about this post