ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി. 2021ലാണ് കോൺഗ്രസ് വിട്ട് അഭിജിത്ത് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇപ്പോൾ തൃണമൂൽ കോൺഗ്രസിലെ പ്രവർത്തനത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തിരികെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
ഹൈക്കമാൻഡിനെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. സ്വീകരിക്കുകയാണെങ്കിൽ ഉടൻ കോൺഗ്രസിൽ ചേരുമെന്ന് അഭിജിത്ത് വ്യക്തമാക്കി. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജംഗിപ്പൂരിൽ നിന്നും തോൽക്കാനുണ്ടായ കാരണം തനിക്കും ഹൈക്കമാൻഡിനും അറിയാം. കോൺഗ്രസിൽ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നിരുന്നു. ഈ സമയമാണ് മമത ബാനർജി തൃണമൂൽ കോണഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ട് ബന്ധപ്പെട്ടത്. എന്നാൽ, തൃണമൂലിൽ തനിക്ക് അർഹിച്ച പരിഗണന ലഭിച്ചില്ല. കോൺഗ്രസിന്റെ തൊഴിൽ സംസ്‌കാരമല്ല തൃണമൂൽ കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് എംപിയായിരിക്കെയായിരുന്നു ജംഗിപ്പൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഭിജിത്തിന്റെ തോൽവി. പിന്നാലെ, മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിജിത്ത് ടിഎംസിയിൽ ചേരുകയായിരുന്നു.
Discussion about this post