ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചാവിഷയമായ ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ഡൽഹി റോസ് അവന്യൂ കോടതിയുടെ അവധിക്കാല ജഡ്ജി നിയായ് ബിന്ദുവാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.
അതേസമയം, കെജ്രിവാളിന് ജാമ്യം അനുവദിച്ച കീഴ്ക്കോടതി നടപടിയെ അടുത്ത ദിവസം തന്നെ ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജാമ്യം അനുവദിച്ച നടപടി അപ്രതീക്ഷിതവും അത്ഭുതാവഹവുമാണെന്ന് ഇഡി ഡയറക്ടർ രാഹുൽ നവീൻ പ്രതികരിച്ചു.
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാപകനുമായ കെജ്രിവാളിനെ മാർച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയ് 10ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, ജൂൺ 2ന് കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടി ജൂൺ 5ന് കെജ്രിവാൾ വീണ്ടും ഇടക്കാല ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും വിചാരണ കോടതി ഇത് നിരസിക്കുകയായിരുന്നു.
ഇടക്കാല ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടറിയേറ്റോ സന്ദർശിക്കുന്നതിൽ നിന്നും കോടതി കെജ്രിവാളിനെ വിലക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണ് തന്റെ ജയിൽവാസത്തിന് ഹേതുവെന്ന കെജ്രിവാളിന്റെ വാദവും ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post