ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിന് ജയത്തോടെ തുടക്കമിട്ട് ഇന്ത്യ. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 47റൺസിനാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ സൂര്യകുമാർ യാദവിന്റെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ അഫ്ഗാനിസ്ഥാനെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന്റെ പോരാട്ടം 134 റൺസിൽ അവസാനിച്ചു.
28 പന്തിൽ 53 റൺസെടുത്ത സൂര്യകുമാർ യാദവിന് പുറമേ, 24 പന്തിൽ 32 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിംഗും ഇന്ത്യക്ക് കരുത്തായി. എന്നാൽ ക്യാപ്ടൻ രോഹിത് ശർമ്മ 8 റൺസുമായും ഋഷഭ് പന്ത് 20 റൺസുമായും വിരാട് കോഹ്ലി 24 റൺസുമായും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. അച്ചടക്കത്തോടെ പന്തെറിഞ്ഞ അഫ്ഗാൻ ബൗളിംഗ് നിര തുടക്കം മുതലേ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. അതേസമയം സൂര്യകുമാർ യാദവ് താളം കണ്ടെത്തി തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ ഉയരാൻ തുടങ്ങുകയായിരുന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി ഫറൂഖി, റാഷിദ് ഖാൻ എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി. നവീൻ ഉൾ ഹഖിന് ഒരു വിക്കറ്റ് ലഭിച്ചു.
ആക്രമണോത്സുകമായ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ അഫ്ഗാൻ ബാറ്റ്സ്മാന്മാർക്ക് കാര്യമായൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ബൂമ്രയുടെ മാരകമായ ആക്രമണം തന്നെയായിരുന്നു അഫ്ഗാൻ ഇന്നിംഗ്സിനെ പിച്ചി ചീന്തിയത്. 4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 7 റൺസ് മാത്രം വിട്ടുകൊടുത്ത് 3 അഫ്ഗാൻ വിക്കറ്റുകളാണ് ബൂമ്ര പിഴുതത്. അർഷ്ദീപ് സിംഗിനും 3 വിക്കറ്റ് ലഭിച്ചപ്പോൾ കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേലും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 26 റൺസെടുത്ത അസ്മത്തുള്ള ഒമർസായ് ആണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ.
Discussion about this post