തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഐഎം നേതൃത്വങ്ങളിലുണ്ടായ പൊട്ടിത്തെറികൾക്ക് അവസാനമില്ല. മുഖ്യമന്ത്രിക്കെതിരെ മുഖം നോക്കാതെയുള്ള വിമർശനങ്ങളാണ് ഓരോദിവസവും പുറത്ത് വരുന്നത്. മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മിറ്റി വിമർശിച്ചു.
മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി
പാർട്ടിയ്ക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാദ്ധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു
Discussion about this post