തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡലിൽ പിറന്നാൾ ആഘോഷം നടത്താൻ ശ്രമിച്ചതിന് പിന്നാലെ, തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മീഷണർ ഓഫിസും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിയുമായി കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ. പിറന്നാൾ ആഘോഷത്തിന് ഞായറാഴ്ച വൈകീട്ട് നാലോടെ 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32ഓളം പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയിരുന്നു. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു.
പോലീസ് വന്നതറിഞ്ഞ് തീക്കാറ്റ് സാജൻ സ്ഥലത്തേക്ക് എത്താതെ രക്ഷപ്പെടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത 17 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം വിട്ടയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്‍റെ പേരില്‍ 15 പേരുടെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 17ൽ പരം കേസുകളിൽ പ്രതിയാണ് സാജൻ. രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തുമായി ജയിലിലും ഇയാൾ കുഴപ്പുണ്ടാക്കുക പതിവായിരുന്നു.
പോലീസ് നടപടിയിൽ ക്ഷുഭിതനായ സാജൻ, ‘പിള്ളാരെ തൊടാറായോ’ എന്ന് ഈസ്റ്റ് എസ്ഐയുടെ മൊബൈല്‍, വെസ്റ്റ് പൊലീസ് സ്റ്റേഷന്‍, കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ സാജന്‍റെ പുത്തൂരെ വീട്ടിലും അഞ്ച് കൂട്ടാളികളുടെ വീടുകളിലുമടക്കം പോലീസ് പരിശോധന നടത്തി.
സാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സംഘത്തില്‍ ചേര്‍ക്കുന്നത് മയക്കുമരുന്നിനടിമയാക്കിയിട്ടാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട് എന്നാണ് വിവരം.
Discussion about this post