ഐസിസി അവാർഡ്സിന്റെ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രതിമാസ താരങ്ങൾക്കുള്ള അവാർഡിലൂടെയാണ് ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ മാസത്തെ ഏറ്റവും മികച്ച താരങ്ങൾക്കുള്ള ഐസിസി അവാർഡ് നേടിയിരിക്കുന്നത് ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുമ്രയും സ്മൃതി മന്ദാനയും ആണ്. ഇത്തരത്തിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒരേ രാജ്യത്തെ താരങ്ങൾ തന്നെ പ്രതിമാസ അവാർഡുകൾ സ്വന്തമാക്കുന്നത് ഐസിസി അവാർഡ് ചരിത്രത്തിൽ ആദ്യമായാണ്.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്ക് വഹിച്ച താരമാണ് ജസ്പ്രീത് ബുമ്ര. ടൂർണമെന്റിലെ താരമായും ബുമ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭുവനേശ്വർ കുമാറിന് ശേഷം ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടുന്ന രണ്ടാമത്തെ സ്പെഷലിസ്റ്റ് ഇന്ത്യൻ ബൗളറാണ് ബുമ്ര. ടി20 ലോകകപ്പിലെ മികച്ച പ്രകടനങ്ങൾക്ക് തന്നെയാണ് ഐസിസി ബുമ്രയ്ക്ക് ഈ പുരസ്കാരം നൽകിയിരിക്കുന്നത്. ജസ്പ്രീത് ബുമ്രയുടെ ആദ്യ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് കൂടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
വനിതാ ക്രിക്കറ്റ് താരങ്ങളിൽ ഹർമൻപ്രീത് കൗറിനും ദീപ്തി ശർമ്മയ്ക്കും ശേഷം പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമാണ് സ്മൃതി മന്ദാന. സ്മൃതിയുടെയും ആദ്യത്തെ ഐസിസി പ്രതിമാസ പുരസ്കാരമാണ് ജൂൺ മാസത്തെ പ്രകടനത്തിനായി ലഭിച്ചിരിക്കുന്നത്.
Discussion about this post