കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന് കരുതുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കുട്ടിയുടെ സ്രവങ്ങൾ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനാണ് രോഗമുണ്ടെന്ന് സംശയിക്കുന്നത്. നിലവിൽ കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയിൽ അനുഭവപ്പെടുന്ന രോഗലക്ഷണങ്ങൾ നിപ്പ വൈറസ് ബാധയ്ക്ക് സമാനമാണ്. ഇതേ തുടർന്നാണ് കുട്ടിയ്ക്ക് നിപ്പയാണെന്ന സംശയം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ആദ്യം കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ ആരോഗ്യനില വഷളായതോടെ പിന്നീട് കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകീട്ടോടെ കുട്ടിയുടെ സാമ്പിളുകളുടെ പരിശോധന ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018 ലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് ശേഷം തുടർന്നുള്ള വർഷങ്ങളിൽ നാല് തവണയും രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യ തവണ കേരളത്തിൽ വൈറസ് സ്ഥിരീകരിച്ചപ്പോൾ 17 പേരായിരുന്നു മരിച്ചത്.
അതേസമയം ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തിര യോഗം ചേരും. മലപ്പുറത്താണ് യോഗം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക.
Discussion about this post