തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് ഭാഗികമായി പുറത്തുവിടും.സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുന്നത്.വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയ ഏഴ് മാദ്ധ്യമ സ്ഥാപനങ്ങൾക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുക.
62 പേജ് ഒഴിവാക്കിയായിരിക്കും റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുക. സ്വകാര്യത ഹനിക്കുന്നഭാഗങ്ങൾ ഒഴിവാക്കാമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആകെയുള്ള 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകൾ പുറത്തു വിടും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുെട നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് തീരുമാനം. ഒഴിവാക്കുന്ന പേജുകൾ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച് 2019 ഡിസംബർ 31 ന് സമർപ്പിച്ചതാണ് റിപ്പോർട്ട്. വിമൺ ഇൻ സിനിമ കളക്ടീവ് ഉൾപ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല.നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ്.കെ ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിൽ അഭിനേത്രി ശാരദ മുൻ ഐപിഎസ് ഓഫീസർ കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ ചെലവഴിച്ചത്.










Discussion about this post