വയനാട്: വയനാട് മുണ്ടക്കെയിലുണ്ടായത് വലിയ ഉരുൾപൊട്ടലെന്ന് എംഎൽഎ ടി സിദ്ദിഖ്. ഗുരുതരാവസ്ഥയിൽ ആറ് പേർ ഉണ്ടെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യം ഇതുവരെയും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ എൻഡിആർഎഫ് സംഘം വടം കെട്ടി അക്കരെയെത്താനാണ് ശ്രമിക്കുന്നത്. അഞ്ച് മണിയാകുമ്പോഴേക്കും മുണ്ടക്കെയിൽ ഇരുട്ട് പരക്കും. ഇത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌കരമാകും. അതിന് മുമ്പ് സാധ്യമായതെല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രദേശത്ത് രണ്ട് വാർഡുകളിലായി 3000ത്തിനടുത്ത് ആളുകളുണ്ട്. എല്ലാവരും ഈ പ്രദേശത്ത് ഇല്ലെങ്കിലും ഇവിടെ ഉണ്ടായിരുന്നവർ എത്ര പേരാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. വലിയ തോതിൽ ഇവിടെ മരണസംഖ്യ ഉയരാനാണ് സാധ്യത. മൃതദേഹങ്ങൾ ചാലിയാലിലൂടെ ഒഴുകി നിലമ്പൂരിൽ വരെ എത്തിയതായാണ് വിവരമെന്നും സിദ്ദിഖ് എംഎൽഎ കൂട്ടിച്ചേർത്തു.
Discussion about this post