വയനാട് : ദുരന്ത മുഖത്ത് വയനാടിന് താങ്ങായി ഒറ്റക്കെട്ടായി നിൽക്കുകയാണ് കേരളം . രക്ഷാപ്രവർത്തനവും, അന്നദാനവും, പ്രാഥമിക ആവശ്യത്തിനുള്ള വസ്തുക്കളുടെ ശേഖരണവും, വസ്ത്രങ്ങളുടെ ശേഖരണവും എന്ന് വേണ്ട എല്ലാ സഹായവുമായി കേരളം ഒരേ മനസ്സോടെ വീണ്ടും ഈ ദുരന്തത്തെ ചെറുത്തുതോൽപ്പിക്കുകയാണ്.
ദുരന്തത്തിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടാവും, മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുമുണ്ടാകും, സഹോദരങ്ങളെ നഷ്ടപ്പെട്ടവരുണ്ടാവും അങ്ങനെ ബന്ധങ്ങളെല്ലാം വേരറ്റുമണ്ണിനടിയിലായതിൻറെ വേദനയിലാണ് മുണ്ടക്കൈ എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാതൃത്വത്തിൻറെ സഹായവാഗ്ദാനാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്” എന്നാണ് ഒരാൾ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ സന്നദ്ധപ്രവർത്തകരെ അറിയിച്ചത്. ദുരിതമനുഭവിക്കുന്നവരെ ഏത് വിധേനയും സഹായിക്കണം എന്ന മലയാളിയുടെ വിശാലമനസ്‌കത സൈബറിടത്ത് കൈയ്യടി നേടുകയാണ്.
അമ്മമാർ നഷ്ടപ്പെട്ട കുരുന്നുകളെക്കുറിച്ച് ഓർക്കുകയും അവർക്ക് ഭക്ഷണമെത്തിക്കാൻ തയ്യാറാവുകയും ചെയ്ത ആ അമ്മയുടെയും കുടുംബത്തിന്റെയും കരുതലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Discussion about this post