തിരുവനന്തപുരം : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ കവർന്നതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ദുരന്തമുഖത്ത് നിന്ന് കരളലിയിക്കുന്ന വാർത്തകളും വീഡിയോകളും ചിത്രങ്ങളും പുറത്തുവരുമ്പോൾ കേരള ജനത ഒന്നാകെ പ്രാർത്ഥിക്കുകയാണ്. ഉള്ളുതകർക്കുന്ന ഈ ദുരന്തത്തിൽ മലയാളികളുടെ ആകെ വികാരത്തെ പ്രതിനിധീകരിക്കുകയാണ് മലയാള ദിനപത്രങ്ങൾ. വയനാട്ടിലെ ഈ ദുരന്തത്തെ വിശേഷിപ്പിക്കാൻ അഞ്ച് ദിനപത്രങ്ങൾ ഉപയോഗിച്ചത് ഒരേ തലക്കെട്ടാണ് ”ഉള്ളുപൊട്ടി”.
പത്രങ്ങളിലെ തലക്കെട്ടുകൾ ഒരേപോലെ വരുന്നത് അപൂർവ്വമായ കാര്യമാണ്. അതും അഞ്ച് ദിനപത്രങ്ങളിലെ പ്രധാന തലക്കെട്ടുകളിലെ സാമ്യത അത്യപൂർവ്വവും. എന്നാൽ അതാണ് ഇന്നത്തെ പത്രങ്ങളിൽ കാണാൻ സാധിച്ചത്.
മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ജന്മഭൂമി, ദീപിക എന്നീ പത്രങ്ങളുടെ ആദ്യ പേജുകൾ ‘ഉള്ളുപൊട്ടി’ എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. ഇതേ തലക്കെട്ടിനോട് സാമ്യമുള്ള ”ഉള്ളുപൊട്ടൽ” ആണ് ചന്ദ്രിക നൽകിയത്. സുപ്രഭാതത്തിന്റെ തലക്കെട്ട് ‘ഉള്ളുടഞ്ഞ് നാട്’ എന്നായിരുന്നു.
മലയാളക്കരയുടെ എല്ലാ വികാരത്തെയും പത്രങ്ങൾ ഈയൊരു വാക്കിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. വ്യത്യസ്ത ആശയങ്ങൾ മുറുകെപ്പിടിക്കുന്ന പത്രസ്ഥാപനങ്ങളുടെ എല്ലാം തലക്കെട്ടുകൾ കേരളത്തിലെ ജനതയുടെ ഉള്ളുലച്ചലിനെ ഒത്തൊരുമയോടെ കണ്ടു എന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Discussion about this post