ബത്തേരി; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവനും ജീവിതവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടത്. നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. വയനാടിന്റെ കണ്ണീരൊപ്പാനായി മലയാളികൾ ഒത്തൊരുമിച്ച് പല സഹായങ്ങളും ദുരന്തബാധിതപ്രദേശത്തേക്ക് എത്തിക്കുന്നുമുണ്ട്. അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാനായി പലരും സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തുന്നുണ്ട്. വാർത്തകളുടെയും മന്ത്രിമാരുടെ പോസ്റ്റുകളുടെയും താഴെ കമന്റുകളുമായും പലരും രംഗത്തെത്തിയിട്ടുണ്ട്.
ദത്തെടുക്കൽ നിയമത്തെ കുറിച്ച് അറിയാം
ജന്മം നൽകിയ മാതാപിതാക്കളിൽനിന്നും കുട്ടിയെ സ്ഥിരമായി വേർപെടുത്തുകയും ഏറ്റെടുക്കുന്ന മാതാപിതാക്കൾക്ക് നിയമപരമായ എല്ലാ അവകാശങ്ങളോടെയും അധികാരങ്ങളോടെയും ഉത്തരവാദിത്തങ്ങളോടെയും കുട്ടിയെ ലഭ്യമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ദത്തെടുക്കൽ.(JJ Act 2000) മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ പങ്കുചേരാം.
വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും സ്വന്തം മക്കളുള്ള മാതാപിതാക്കൾക്കും ദത്തെടുക്കാവുന്നതാണ്.
യോഗ്യത
ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം.
സ്ത്രീകൾക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാൽ പുരുഷന്മാർക്ക് ആൺകുട്ടികളെ മാത്രമേ ദത്തെടുക്കാൻ സാധിക്കുകയുള്ളൂ.
ദമ്പതികളുടെ കാര്യത്തിൽ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്.
വിവാഹം കഴിഞ്ഞു രണ്ടുവർഷം പൂർത്തിയാക്കിയ ദമ്പതികൾക്ക് മാത്രമേ ദത്തെടുക്കുവാൻ സാധിക്കുകയുള്ളൂ.
നാല് കുട്ടികളിൽ കൂടുതലുള്ളവർക്ക് ദത്തെടുക്കാൻ അർഹതയില്ല.
കുട്ടിയും മാതാപിതാക്കളിൽ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സിൽ താഴെയായിരിക്കരുത്.
ദമ്പതികളുടെ രജിസ്‌ട്രേഷൻ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക.
ഇന്ത്യയിൽ താമസിക്കുന്ന ദത്തെടുക്കാൻ സന്നദ്ധരായ മാതാപിതാക്കൾ www.cara.nic.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
ഓർഫണേജുകളിലും ഫൗണ്ട്‌ലിംഗ് ഹോമുകളിലും അനാഥരായ കുട്ടികളെ പാർപ്പിക്കുന്നതിന് (SARA)മുഖേനയുള്ള സർക്കാർ ലൈസൻസ് ഉണ്ടായിരിക്കേണ്ടതാണ്.
ആറു വയസ്സിനു താഴെയുള്ള കുട്ടികളെ SARA യുടെ ഉത്തരവിനു വിധേയമായും 6 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ ഉത്തരവിനു വിധേയമായുമാണ് ഇത്തരം ലൈസൻസുള്ള സ്ഥാപനങ്ങളിൽ പാർപ്പിക്കേണ്ടത്.
Discussion about this post