വയനാട്: ഒപ്പം തെളിച്ച വഴികളിലേക്ക് ആളുകൾ കൂട്ടമായി വന്ന് അനുഗമിക്കുമ്പോൾ സേവന മേഖലയിൽ പുതുവഴികൾ തീർത്ത് അനുകരിക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കുക എന്നതാണ് സേവാഭാരതിയുടെ തുടർ ദൗത്യമെന്ന് മാധവ് ശ്രീ. സേവാഭാരതിയുൾപ്പെടെ സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം തങ്ങളുടെ പ്രവർത്തനം എല്ലാവരും ഏറ്റെടുക്കുന്ന സുദിനമാണ്. എല്ലാക്കാലത്തും നാം മാത്രം സേവനപ്രവർത്തനങ്ങൾ ചെയ്യുക എന്നതല്ല നമ്മുടെ സങ്കല്പം. പ്രത്യുതാ നാം മുന്നോട്ടു വച്ച ആശയങ്ങളെ നിശബ്ദമായി മാതൃകയായി അവതരിപ്പിച്ച് ഏവർക്കും പ്രേരണ നൽകി അതുവഴി സമാജം മുന്നോട്ടു വന്ന് ഇക്കാര്യം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമാക്കുക എന്നതാണ് നമ്മുടെ സങ്കല്പമെന്നും മാധവ് ശ്രീ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സന്നദ്ധപ്രവർത്തകർ.. മുൻകാലങ്ങളിൽ വാർത്താ മാധ്യമങ്ങൾ തമസ്‌കരിച്ചിരുന്ന ഈ വാക്കിപ്പോൾ വയനാട്ടിലെ ദുരന്തമുഖത്തവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു.. അന്നിവർ ഈ പേര് പറയാതെ ഒഴിവാക്കാനൊരു കാരണമുണ്ടായിരുന്നു.. ദുരന്തമുഖങ്ങളിൽ അന്നൊരു സംഘടന മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ സംഘടനയെ അന്നുമിന്നും അവർക്കിഷ്ടമല്ലായിരുന്നു.
ആ ദേശീയ സംഘടന പല ദുരന്ത മുഖങ്ങളിലുമെത്തി കൈ-മെയ്യ് മറന്ന് പ്രവർത്തിക്കുമ്പോൾ അസഹിഷ്ണുക്കളായവർ അവർ ധരിച്ച വേഷത്തെ പോലും ചോദ്യം ചെയ്യുമായിരുന്നു… ഭരണാധികാരികൾ വരെ പ്രത്യേക വേഷമെന്തിനെന്ന് അസഹിഷ്ണുതയോടെ ചോദിച്ചിരുന്ന കാലം നാമാരും തന്നെ മറന്നിട്ടില്ല.. ദുരന്ത ദൃശ്യങ്ങൾ പകർത്തുമ്പോൾ പ്രത്യേക വേഷക്കാരില്ലാത്ത ഒരു ഫ്രെയിം കിട്ടാനന്ന് മാധ്യമങ്ങൾക്ക് വല്ലാതെ പ്രയത്‌നിക്കേണ്ടി വന്നിരുന്നു. പത്രങ്ങളും അവരെ പരാമർശിക്കാനും സത്യം പറയാനുമൊക്കെ മറ്റാരെയോ ഭയന്നിരുന്നു.
ഇന്നിപ്പോൾ നാം കാണുന്നു.. പ്രത്യേക വേഷത്തോടുള്ള അയിത്തം മാറിയിരിക്കുന്നു. സംഘടനയുടെ പേര് രേഖപ്പെടുത്തിയ യൂണിഫോം ടീ ഷർട്ടുകൾക്ക് ഒട്ടും വിലക്കില്ലാതായിരിക്കുന്നു. സേവനം ചെയ്താൽ പോരെ ? പ്രത്യേക വേഷമെന്തിനെന്നെ പഴയ ചോദ്യമൊക്കെയവരിന്ന് ഉപേക്ഷിച്ചിരിക്കുന്നു… ഈ മാറ്റമെങ്ങനെ സംഭവിച്ചു.. ?
ഈ പുതിയ മാറ്റത്തിന് പിന്നിൽ പണ്ടവർ പേര് പറയാൻ മടിച്ചിരുന്ന അതേ സംഘടന തന്നെയാണ് എന്നതാണ് സത്യം. ആ സംഘടനയെ കണ്ടിട്ടോ, അവർ ചെയ്യുന്നതിൽ വേവലാതി പൂണ്ടിട്ടോ ആണ് പലരും, പല സംഘടനകളും പതിയെ പതിയെ ആപത് സേവനരംഗത്തേക്ക് കടന്നു വന്നത്. ഇന്ന് വയനാട്ടിൽ കാണുന്ന ദൃശ്യം ഏറെ സന്തോഷിപ്പിക്കുന്നു. സംഘടനയെന്ന നിലയിൽ ഒരുപാട് നാൾ ഒറ്റക്ക് ആ പ്രസ്ഥാനം മുന്നിൽ വച്ച മാതൃകയെ ഇന്ന് വ്യത്യസ്ത തുറകളിൽ പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകൾ ഏറ്റെടുത്തിരിക്കുന്ന കാഴ്ച കൺനിറയെ കാണുമ്പോൾ..
പണ്ട് മാധ്യമങ്ങൾ പറയാതെ ഒഴിവാക്കിയ സംഘടനയുടെ പേര് നമ്മുക്കെല്ലാമറിയാം. ഈ രംഗത്തേക്ക് പല പൊതു സംഘടനകളെയും വഴിനയിച്ച ആ സംഘടനയുടെ പേരാണ് സേവാഭാരതി.. അസഹിഷ്ണുത തലക്ക് പിടിച്ച് പെട്ടിമുടിയിലും മറ്റും സന്നദ്ധസേവനത്തിന് ദുരന്ത മുഖത്തേക്കോടിയെത്തിയ സേവാഭാരതിയെ വഴി തടഞ്ഞവരൊക്കെ ഇന്നിപ്പോൾ മനസ്സ് മാറി ഇന്നതേകാര്യത്തിന് മുന്നിട്ടിറങ്ങിയ വിവിധ സംഘടനകൾക്ക് വഴിയൊരുക്കുമ്പോൾ ഓർക്കുക ഇതിന് പിന്നിലെ ചാലകശക്തിയും മറ്റൊന്നല്ല.
സേവാഭാരതിയുൾപ്പെടെ സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം തങ്ങളുടെ പ്രവർത്തനം എല്ലാവരും ഏറ്റെടുക്കുന്ന സുദിനമാണ്. എല്ലാക്കാലത്തും നാം മാത്രം സേവനപ്രവർത്തനങ്ങൾ ചെയ്യുക എന്നതല്ല നമ്മുടെ സങ്കല്പം. പ്രത്യുതാ നാം മുന്നോട്ടു വച്ച ആശയങ്ങളെ നിശബ്ദമായി മാതൃകയായി അവതരിപ്പിച്ച് ഏവർക്കും പ്രേരണ നൽകി അതുവഴി സമാജം മുന്നോട്ടു വന്ന് ഇക്കാര്യം ഏറ്റെടുക്കുന്ന സ്ഥിതി സംജാതമാക്കുക എന്നതാണ് നമ്മുടെ സങ്കല്പം. ആ സങ്കല്പ സാക്ഷാത്കാരം അസാധ്യമായതല്ല എന്നതിന്റെ നേർകാഴ്ചകളാണ് ഇപ്പോൾ നാം ദർശിക്കുന്നത്.
സേവനം ഉള്ളിലെ മനുഷ്യത്വത്തെ ഉയർത്തും.. ഈ മഹദ് വചനം സത്യമായി തീരട്ടെയെന്നു കൂടി നമ്മുക്കാശിക്കാം… കാരണം മനുഷ്യനെ ചെറുതാക്കുന്ന അന്യമത വിദ്വേഷം പേറുന്ന ആശയങ്ങൾ പിൻപറ്റുന്ന മത ധാരകൾ പിന്തുടരുന്നവരുടെ ഉള്ളിൽ പോലും മനുഷ്യത്വപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ നേരിട്ടോ അല്ലാതെയോ ഉള്ള സേവന കർമ്മങ്ങളിലെ പങ്കാളിത്തം വഴിതെളിക്കട്ടെ..
ഒപ്പം തെളിച്ച വഴികളിലേക്ക് ആളുകൾ കൂട്ടമായി വന്ന് അനുഗമിക്കുമ്പോൾ സേവന മേഖലയിൽ പുതുവഴികൾ തീർത്ത് അനുകരിക്കാൻ പുതിയ മാതൃകകൾ സൃഷ്ടിക്കുക എന്നതാണ് സേവാഭാരതിയുടെ തുടർ ദൗത്യം. ഭൂദാനം അതിന്റെ തുടക്കമാണ്.. എതിർത്തവരോട് പറയാൻ ഇത്രമാത്രം.. എത്ര വലിയ കുപ്രചരണം നടത്തിയാലും സേവന വാർത്തകളും പ്രവർത്തനങ്ങളും ബോധപൂർവം തമസ്‌കരിച്ചാലും ഈശ്വരീയമായ ഈ വഴിത്താരയിലേക്കുള്ള പ്രവാഹത്തെ തടയാൻ നിങ്ങൾക്കായില്ലെന്ന സത്യം പല വർണങ്ങളിൽ വിവിധ പ്രസ്ഥാനങ്ങളുടെ പേരുകളെഴുതിയ ടീ ഷർട്ടുകളുടെ രൂപത്തിൽ നിങ്ങൾക്ക് മുമ്പിലിതാ നിവർന്ന് നിൽക്കുന്നു..??
Discussion about this post