പാലക്കാട് : വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെതിരെയാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും ചെർപ്പുളശ്ശേരി പോലീസ് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനവുമൊക്കെ നമ്മുടെ അടിസ്ഥാനാവകാശങ്ങൾ ആണെങ്കിലും, അതിൻ്റെ മറപറ്റി മറ്റുള്ളവരെ അപമാനിക്കാനോ അവഹേളിക്കാനോ ശ്രമിക്കുന്നത് അംഗീകരിക്കപ്പെടുന്നതല്ല.
സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സമൂഹമാദ്ധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ദുരന്തമുഖത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ തന്റെ ഭാര്യ മുലപ്പാൽ നൽകുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി അശ്ലീല ചുവയുള്ള കമന്റുകൾ വന്നിരുന്നു. ഇത്തരം കമന്റിട്ടവരെ നാട്ടുകാർ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
Discussion about this post