തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസിൽ സ്പീക്കർ എഎൻ ഷംസീറിന്റെ സുഹൃത്തിന്റെ അനധികൃത യാത്ര ചോദ്യം ചെയ്ത ടിടിഇക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ച് റെയിൽവേ. സ്പീക്കർ എഎൻ ഷംസീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ടിടിഇ പത്മകുമാറിനെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ യൂണിയനുകളുടെ സമ്മർദ്ദം ശക്തമായതോടെ റെയിൽവേ അധികൃതർ നടപടി പിൻവലിച്ചു.
ടിടിഇ തന്റെ ജോലിയാണ് ചെയ്തത് എന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്നും കാണിച്ച് യൂണിയനുകൾ എസ് ആർ എം യു, തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് പരാതി നൽകി. സംഭവം വൻ വിവാദമാവുകയും യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ ടിടിഇക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം വന്ദേഭാരത് എക്‌സിക്യൂട്ടീവ് ക്ലാസിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു സ്പീക്കർ എഎൻ ഷംസീർ. ഗണേഷ് എന്ന സുഹൃത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ചെയർ കാർ ടിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തൃശൂർ എത്തിയപ്പോൾ ടിടിഇ ഗണേശിനോട് ചെയർകാറിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല. അങ്ങനെയെങ്കിൽ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യണമെന്ന് ടിടിഇ പറഞ്ഞെങ്കിലും ഗണേശ് അത് വകവെച്ചില്ല. തുടർന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ആവശ്യപ്പെട്ട് ടിടിഇ മടങ്ങി.
പിന്നീട് കോട്ടയത്ത് എത്തിയപ്പോഴും ഗണേശ് എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇരിക്കുന്നത് കണ്ട് എത്തിയ ടിടിഇ ഗണേശിനെ ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. ബഹളമായപ്പോൾ സ്പീക്കർ എഎൻ ഷംസീർ സംഭവത്തിൽ ഇടപെട്ടു. ടിടിഇ രാഷ്ട്രീയം കളിക്കുന്നു എന്നാണ് സ്പീക്കർ ആരോപിച്ചത്. യാത്ര അവസാനിപ്പിച്ചതിന് പിന്നാലെ സ്പീക്കർ, ഡിവിഷണൽ മാനേജർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് പത്മകുമാറിനെ ജോലിയിൽ നിന്ന് നീക്കിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ നടപടി പിൻവലിക്കുകയായിരുന്നു.
സ്പീക്കറാണെന്ന് പറഞ്ഞിട്ടും ടിടിഇ ബഹുമാനം കാട്ടിയില്ലെന്നും സ്പീക്കർക്കെതിരെ മോശം പദപ്രയോഗം നടത്തിയത് കൊണ്ടാണ് പരാതി നൽകിയത് എന്നുമാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചത്.
Discussion about this post