മധുവിധു ആഘോഷിക്കാൻ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയദർശിനിയും ഭർത്താവും ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാരയും. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു ഒഡിഷ സ്വദേശി പ്രിയദർശനിയ്ക്ക്. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായതോടെ ചൂരൽമലയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങി പ്രിയദർശിനി.
സന്തോഷത്തോടെ ആഘോഷിക്കാൻ വയനാട്ടിൽ എത്തിയതായിരുന്നു പ്രിയദർശിനിയും ഭർത്താവും ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാര, സുഹൃത്തുക്കളായ ഡോക്ടർ സ്വാധീൻ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പാത്ര. എന്നാൽ തിരിച്ച് മടങ്ങിയതോ നിറകണ്ണുകളോടെ…. ഇവരിൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് പ്രിയദർശിനിയും ശ്രീകൃതിയുമാണ്. ശ്രീകൃതി ചികിത്സയിൽ തുടരുകയാണ്.
മൂന്ന് ദിവസം മുൻപ് വയനാട്ടിലെ വെള്ളാർമലയിലെ റിസോർട്ടിൽ ഇവർ എത്തുന്നത്. ഒരു ദിവസം കൂടി അധികമായി ഇവിടെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു . ഉരുൾപൊട്ടൽ ഉണ്ടായ രാത്രി ഏറെ വൈകിയാണ് ഇവർ ഉറങ്ങാൻ കിടന്നത്. രാത്രിയിൽ പാട്ടും ആഘോഷവും ഏറെ നീണ്ടതോടെയാണ് വൈകിയത്. ഉറങ്ങാൻ കിടന്ന് മിനിറ്റുകൾക്കകം ആദ്യ ഉരുൾപൊട്ടൽ ഉണ്ടാകുകയും റിസോർട്ട് തകരുകയുമായിരുന്നു. വൻ ശബദം കേട്ട് ഉണർന്നപ്പോൾ റിസോർട്ട് മണ്ണിനടിയിലായിരുന്നുവെന്ന് പ്രിയദർശിനി പറഞ്ഞു. രണ്ടാമത്തെ ഉരുൾപൊട്ടലാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഈ ഉരുൾപൊട്ടലിലാണ് ബിഷ്ണു പ്രസാദ് ചിന്നാരയും സ്വാധീൻ പാണ്ടയും മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി ഇന്നലെ തന്നെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ഗുരുതര പരിക്കുകളേറ്റ് ചികിത്സയിൽ തുടരുന്നതിനാൽ പ്രിയദർശിനിക്ക് ഒപ്പം പോകാനായില്ല. ഇവരുടെ സുഹൃത്ത് ഡോക്ടർ സ്വാധീൻ പാണ്ടയെ ഇതുവരെ കണ്ടെത്തനായിട്ടില്ല.
Discussion about this post