തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ സർക്കാരിന്റെ ഓണാഘോഷം പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് റേസ് ലീഗും ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല, എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച ജനകീയ തെരച്ചിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക.
Discussion about this post