ചെന്നൈ: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായധനം നൽകി തമിഴ്‌നാട് സ്വദേശിനിയായ ഹരിണി ശ്രീ. ഭരതനാട്യം കളിച്ച് നേടിയ തുകയായിരുന്നു വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 13 കാരിയായ പെൺകുട്ടി നൽകിയത്. ചെറിയ പ്രായത്തിലെ ഹരിണിയുടെ വല്യ മനസിന് സോഷ്യൽ മീഡിയയിൽ കയ്യടി ഉയരുകയാണ്.
വയനാട്ടിലെ ദുരന്തബാധിതരുടെ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ കേട്ടറിഞ്ഞ ഹരിണി, അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം രക്ഷിതാക്കളോട് പങ്കുവയ്ക്കുകയായിരുന്നു. ബാല്യകാലം മുതൽ തന്നെ ഹരിണി ഭരതനാട്യം പരിശീലിക്കുന്നുണ്ട്. ഇതോടെ ഭരതനാട്യം കളിച്ച് പണം സമാഹരിക്കാൻ ഹരിണി തീരുമാനിക്കുകയായിരുന്നു. ഇതിന് രക്ഷിതാക്കളും ഒപ്പം നിന്നു. ഇതോടെ കഴിഞ്ഞ ദിവസം ധനസമാഹരണത്തിനായി പരിപാടി സംഘടിപ്പിക്കുകയായിരുന്നു. പരിപാടിയിൽ മൂന്ന് മണിക്കൂർ നേരം തുടർച്ചയായി നൃത്തം ഹരിണി നൃത്തം ചെയ്തു.
നിരവധി പേരാണ് ഹരിണിയുടെ നൃത്തം കാണാൻ എത്തിയത്. ഇവർ നൽകിയ 15000 രൂപയാണ് ഹരിണി മുഖ്യമന്ത്രിയ്ക്ക് നൽകിയത്. വയനാടിനായി സഹായം നീട്ടിയ ഹരിണിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം വയനാടിനായുള്ള ധനസമാഹരണത്തിനായി നിരവധി പരിപാടികളാണ് തമിഴ്‌നാട്ടിലെ വിവിധ സംഘടനകൾ നടത്തുന്നത്.
Discussion about this post