കൊച്ചി; ട്രോളിംഗ് നിരോധനം കഴിഞ്ഞതിന് പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട മത്സ്യവിഭവങ്ങൾ ആസ്വദിച്ച് കഴിക്കാമെന്ന ആശ്വാസത്തിലായിരുന്നു മലയാളികൾ. എന്നാൽ കീശചോരാതെ നല്ല ഫ്രഷ് മീൻ കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. കടലിൽപോകുന്ന തൊഴിലാളികളിൽ പലരും ജനപ്രിയമത്സ്യങ്ങൾ വേണ്ടത്ര ലഭിക്കാത്തതിന്റെ നിരാശയാണ്. കടലിൽ ദിവസങ്ങൾ ചെലവഴിച്ച് കൈ കുഴയുന്നത് വരെ വലയെറിഞ്ഞാലും ലഭിക്കുന്നത് തുച്ഛമായ കാശിനുള്ള മീനാണ്. കണവയും കൊഴുവയുമാണ് ലഭിക്കുന്നതത്രയും.നാൽപ്പതും അമ്പതും പേര് കയറുന്ന പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവർക്ക് അയലയും ചാളയും കിട്ടാതെയായതോടെ പണിയും ഇല്ലാതായി. ചെറിയ ബോട്ടുകാർക്ക് പൂവാലൻ ചെമ്മീനും കൊഴുവയും കിളിമീനുമാണ് കൂടുതലായി ലഭിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് മലയാളിയുടെ ഏറ്റവും ഡിമാൻഡ് കൂടിയ മത്തി, അയല എന്നിവയുടെ ലഭ്യത കുറഞ്ഞതെന്നാണ് കരുതുന്നത്. തീരക്കടലിൽ മുട്ടയിട്ട ശേഷം മത്തിയും അയിലയും ആഴക്കടലിലേക്കും ചൂട് കുറഞ്ഞ തമിഴ്നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായാണ് വിലയിരുത്തൽ. കേരളതീരത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന മത്തിക്കുഞ്ഞുങ്ങൾക്ക് വേണ്ട ആഹാരം ലഭിക്കാത്തതും പ്രശ്‌നമാണ്.
സാധാരണയായി ട്രോളിംഗ് നിരോധനം കഴിഞ്ഞദിനങ്ങളിൽ ടൺകണക്കിന് കിളിമീൻ നിറഞ്ഞ ബോട്ട് തീരം തൊടാറുണ്ട്.ഇത്തവണ പകുതി പോലും കിട്ടിയിട്ടില്ല. കൂട്ടത്തിൽ ധാരാളമായി ലഭിക്കുന്ന മാന്തൽ, കറൂപ്പ് എന്നിവയും കാര്യമായി കിട്ടിയില്ല. ചെമ്മീൻ കയറ്റുമതിയില്ലാത്തത് മൂലം നാട്ടിൻപുറത്തെ മീൻ തട്ടിലാകെ ചെമ്മീൻ നിറഞ്ഞുകിടക്കുകയാണ്.
മലയാളിയുടെ പ്രിയപ്പെട്ട മത്സ്യങ്ങളാണ് അയലയും മത്തിയും ഇവയുടെ ആരോഗ്യഗുണങ്ങൾ കേൾക്കുമ്പോൾ ഏതാണ് മേകൻ എന്ന് ആലോചിച്ച് പോകും.
വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അയല. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവും. കാൽസ്യം അടിഞ്ഞു കൂടി ഹൃദയധമനികളിൽ ബ്ലോക്കില്ലാതിരിയ്ക്കാൻ വൈറ്റമിൻ കെ ഏറെ പ്രധാനമാണ്.ഇത് രക്തത്തിലെ കൊളസ്ട്രോൾ തോതു കുറയ്ക്കാൻ ഏറെ നല്ലതാണ്. മീൻ കറി വച്ചോ ഗ്രിൽ ചെയ്തോ കഴിയ്ക്കാൻ ശ്രദ്ധിയ്ക്കുക. സന്ധിവാതം പോലുള്ള രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വേദന മാറാൻ അയല എറെ നല്ലതാണ്. സൈറ്റോകിനീൻസ്, ല്യൂക്കോസൈറ്റ്സ് എന്നിവയെ സ്വാധീനിച്ചാണ് ഇതു സാധിയ്ക്കുന്നത്.തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അയലയിലെ വൈറ്റമിൻ ബി, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഡിഎച്ച്എ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഡിപ്രഷൻ, ഓർമപ്രശ്നങ്ങൾ, സ്‌കീസോഫീനിയ പോലുള്ള അസുഖങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ്. നല്ലൊരു പ്രോട്ടീൻ ഉറവിടം കൂടിയാണ് അയല. ഇതുകൊണ്ടുതന്നെ വിശപ്പു കുറച്ചു തടി കുറയ്ക്കാൻ നല്ലത്. മസിലുകളുടെ വളർച്ചയ്ക്കും പ്രോട്ടീനുകൾ ഏറെ അത്യാവശ്യമാണ്. ഇതിനു പുറകെ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്.അയലയിൽ വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് എനർജി വൈറ്റമിൻ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. സിങ്കിന്റെ നല്ലൊരു ഉറവിടം കൂടിയാണ് അയല. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തിന് ഇത് ഏറെ നല്ലതാണ്
മത്തിയുടെ ഗുണങ്ങൾ
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന മത്തി..ഒമേഗ കൂടാതെ പ്രോട്ടീൻ, വിറ്റാമിനുകൾ, സെലിനിയം, കാൽസ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകൾ ശാരീരിക കോശ സ്തരങ്ങളുടെ നിർമ്മാണത്തിന് അവശ്യ ഘടകങ്ങളാണ്
അൽഷിമേഴ്സ് രോഗം, ഡിമെൻഷ്യ, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം തടയുന്നതിന് ഇത് വഴിയൊരുക്കി കൊടുക്കുന്നു. ഇതിൻറെ സപ്ലിമെന്റുകൾ കഴിക്കുന്നതുവഴി വിഷാദത്തിന്റെ ലക്ഷണങ്ങളെ വരെ നിയന്ത്രിച്ചുനിർത്താൻ ഫലപ്രദമാണെന്ന് പറയപ്പെടുന്നുണ്ട്.
18 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വ്യക്തിക്ക് ആവശ്യമായ പ്രോട്ടീന്റെ പ്രതിദിന ആവശ്യകത 46-56 ഗ്രാം ആണ്. മത്തി പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സാണ്.ശരീരത്തിൻറെ പ്രത്യുൽപാദനം, തൈറോയ്ഡ് പ്രവർത്തനം, ഡിഎൻഎ ഉത്പാദനം എന്നിവയെ ബാധിക്കുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റാണ് സെലിനിയം. പ്രായപൂർത്തിയായ ഒരാളുടെ ഇതിൻറെ പ്രതിദിന ആവശ്യകത 55 മൈക്രോഗ്രാം (mcg) ആണ്. 100-ഗ്രാം മത്തി കഴിക്കുന്നതു വഴി ഇത് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടം കൂടിയാണ് മത്തി. 100-ഗ്രാം മത്തിയിൽ 8.94 mcg വിറ്റാമിൻ B12-ന്റെ ഉറവിടം അടങ്ങിയിട്ടുണ്ട്. ഇത് ഒരു മുതിർന്ന വ്യക്തിക്ക് ദൈനംദിനം ആവശ്യമുള്ളതിന്റെ നാലിരട്ടിയാണ്
Discussion about this post