വയനാട്: ഉരുൾപൊട്ടലിന് പിന്നാലെ ഭൂമിയ്ക്കടിയിൽ നിന്നും കേട്ട മുഴക്കം വയനാടിനെ പരിഭ്രാന്തിയിലാഴ്ത്തി. മുഴക്കത്തിന് കാരണം ഭൂചലനം അല്ലെന്ന് വ്യക്തമായതോടെയാണ് ആളുകളിലും അധികൃതരിലും പരിഭ്രാന്തിയുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു മേപ്പാടിയ്ക്ക് സമീമം നെന്മേനി വില്ലേജുൾപ്പെടുന്ന പ്രദേശങ്ങളിൽ മുഴക്കം അനുഭവപ്പെട്ടത്. കോഴിക്കോടും സമാനരീതിയിൽ മുഴക്കം അനുഭവപ്പെട്ടെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ എന്നീ പ്രദേശങ്ങളിലാണ് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഇതിന് തൊട്ട് പിന്നാലെ കൂടരഞ്ഞിയിലും മുഴക്കമുണ്ടായി. പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായി എന്നായിരുന്നു സംഭവത്തിന് പിന്നാലെ പുറത്തുവന്ന സൂചന. എന്നാൽ ഭൂചലനം ഉണ്ടായിട്ടില്ലെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രകമ്പനമാകാം ഉണ്ടായത് എന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും ഇവർ പറയുന്നു.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. മേഖലകളിൽ ഭൂമിയ്ക്കടിയിൽ നിന്നും ആദ്യം മുഴക്കം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് പിന്നാലെ നേരിയ തോതിൽ ഭൂമി കുലുക്കം പോലം അനുഭവപ്പെട്ടുവെന്നും ഇവർ പറയുന്നു. നിമിഷങ്ങൾ മാത്രമാണ് ഈ അവസ്ഥ നീണ്ടു നിന്നത്.
സംഭവത്തിൽ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രകമ്പനത്തെ തുടർന്ന് അച്ചൂരിൽ വലിയ പാറക്കല്ലുകൾ ഉരുണ്ട് എത്തിയതായി പ്രദേശവാസി വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അപകട മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രകമ്പനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ സ്‌കൂളുകൾക്ക് അവധി നൽകുന്നുണ്ട്.
വയനാട്ടിൽ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിൽ നിന്നും വളരെ അടുത്താണ് നെന്മേനി പഞ്ചായത്ത്. ഉരുൾപൊട്ടലിന്റെ ഭീതി ഒഴിയും മുൻപുണ്ടായ സംഭവം ആളുകളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിക്കുന്നത്. മുഴക്കം അനുഭവപ്പെടാനുള്ള കാരണം എത്രയും വേഗം അറിയണം എന്നാണ് ഇവരുടെ ആവശ്യം.
Discussion about this post