അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്.
വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ ഒരു രൂപം. ഫിസിക്സിലെ നിയമങ്ങൾ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകൾ കൂട്ടിയിട്ടാൽ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കൽ കൂമ്പാരമാണ്. വ്യവസ്ഥാപിതമായ ഒരു കൽകൂമ്പാരമാണ് എന്നു മാത്രം. ആ കൽകൂമ്പാരത്തിനു വീണ്ടും തകർന്ന് വേറെ രൂപമാകാനാകില്ല. വ്യവസ്ഥാപിതമായ കൽകൂമ്പാരമായ പിരമിഡ് തകർന്നാൽ വ്യവസ്ഥാപിതമല്ലാത്ത കൽകൂമ്പാരം ഉണ്ടാകും. അത്രതന്നെ.
നമ്മുടെ തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രം ആയിരം വർഷത്തിനു ശേഷവും തകരാതെ നിൽക്കുന്നത് എന്തോ എൻജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീർണ്ണം കൂടിയാൽ നിഴൽ താഴെ പതിക്കില്ല.
ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ കുറെ പാറകൾ (വ്യവസ്ഥാപിതമായ രീതിയിൽ) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു. ഡാമുകൾ, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകൾ പിരമിഡ് രൂപത്തിലാണ്. അതായത് താഴെ വീതി വളരെ കൂടുതലും, മുകളിലേക്കു പോകുമ്പോൾ വീതി കുറഞ്ഞും വരുന്ന രൂപം. (കൃത്യമായി പറഞ്ഞാൽ ഡാമിന്റെത് പിരമിഡ് നെടുകെ മുറിച്ച അർദ്ധ പിരമിഡ് രൂപമാണ്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗം നേരെയും, മറുഭാഗം ചെരിഞ്ഞും. തത്കാലം അത് അവഗണിക്കാം.) ഒരു സിക്സ് പാക്ക് ജിമ്മനെയും, അതേ ഉയരമുള്ള ഒരു സുമോ ഗുസ്തിക്കാരനെയും സങ്കൽപ്പിക്കുക. ആരെയായിരിക്കും തള്ളി വീഴ്ത്താൻ എളുപ്പം? അല്ലെങ്കിൽ ഒരു മതിൽ സങ്കൽപ്പിക്കുക. ഇനി അതേ ഉയരമുള്ള ഒരു പിരമിഡ് സങ്കൽപ്പിക്കുക. ഏതാണ് തള്ളിമാറിച്ചിടാൻ കൂടുതൽ ബലം ചെലുത്തേണ്ടി വരിക? ഉത്തരം വ്യക്തമാണല്ലോ. ഇതേ തത്വം തന്നെയാണ് പിരമിഡിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നത്.
(സത്യത്തിൽ ഇതൊക്കെ ഞാൻ പ്രീഡിഗ്രി കാലത്ത് ഫിസിക്സിൽ പഠിച്ച കാര്യങ്ങളാണ്. വെള്ളത്തിന്റെ അളവു തന്ന് ഡാമിന്റെ വെള്ളത്തിന്റെ മർദ്ദം താങ്ങാൻ അടിയിലെ വീതി എത്ര വേണമെന്ന് കണക്കു കൂട്ടുന്ന ചോദ്യങ്ങളും എൻട്രൻസ് കോച്ചിങ്ങിൽ പരിശീലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരും ഇതൊക്കെ പഠിക്കുന്നുണ്ടാകണം.)
ഇനി ഈ പിരമിഡ് രൂപത്തിലുള്ള ഡാമിന് കൂടുതൽ സ്ഥിരത നൽകാൻ, അഥവാ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തള്ളൽ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും? ഏറ്റവും പ്രകടമായ ഉത്തരം അതിന്റെ ഭാരം കൂട്ടുക എന്നായിരിക്കും. കുറേകൂടി പാറകളും, കോൺക്രീറ്റും അതിനു മുകളിൽ നിക്ഷേപിക്കുക. (മുല്ലപ്പെരിയാറിൽ ആൾറെഡി അത് ചെയ്തിട്ടുണ്ട്.)
നൂറുകൊല്ലം മുൻപ് ഡാം പണിയുമ്പോൾ അന്ന് സിമെന്റും കോൺക്രീറ്റുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ചുണ്ണാമ്പാണ് പകരം ഉപയോഗിച്ചിരുന്നത്. അത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചു പോയി പാറകൾ ഇളകിപ്പോകാം. രണ്ടു രീതിയിൽ ഇത് അണക്കെട്ടിനെ ദുർബ്ബലപ്പെടുത്തും. ഒന്ന് പാറകളുടെ കൂട്ടിപ്പിടുത്തം കുറയാം. പാറകൾ ഇളകി ഒലിച്ചു പോകാം. പാറകളും, ചുണ്ണാമ്പും നഷ്ടപ്പെടുന്നതോടെ ഡാമിന്റെ ഭാരം കുറയാം. വെള്ളം അതിനെ തള്ളിമറിച്ചിട്ടേക്കാം. അപ്പോൾ എന്തു ചെയ്യാം? സിമെന്റും, കോൺക്രീറ്റും ഉപയോഗിച്ച് അണക്കെട്ടിനെ പൊതിയാം. കൂട്ടത്തിൽ ഡാമിങ്‌റെ ചെരിവു ഭാഗം കുറേകൂടി കൂട്ടിയെടുക്കാം. ഇതു കൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. അകത്തുള്ള വസ്തുക്കൾ ഒലിച്ചു പോകില്ല. ഡാമിന്റെ മൊത്തം ഭാരം കൂടും. ഡാമിന്റെ തറ വിസ്തീർണ്ണം കൂടും. ഇതു മൂന്നും ഡാമിനെ ബലപ്പെടുത്തും. (ഇതും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.)
ഇനിയും വെള്ളത്തിന്റെ തള്ളൽ ബലം പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഉരുക്കു കേബിളുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റുമായി ബന്ധിപ്പിക്കുക. വെള്ളത്തിന്റെ തള്ളൽ ഉരുക്കു കേബിളിലെ വലിവു ബലമായി താഴെ പാറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു വടം ബലമായി വലിച്ചു പിടിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. നിങ്ങളെ പുറകിലേക്കു തള്ളി വീഴ്ത്താൻ പ്രയാസമായിരിക്കും. (ഈ കേബിൾ വിദ്യയും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.) തത്വത്തിൽ ഒരു ഗ്രാവിറ്റി ഡാം ഇങ്ങനെ പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും പുതുക്കി ഉപയോഗിക്കാം.
മുല്ലപ്പെരിയാർ ഒരിക്കലൂം തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്‌പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.
ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും.
Discussion about this post