കൊച്ചി; ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി എത്തുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ എന്ന ലേബലിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ടർബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിൽ ടർബോ ജോസ് എന്ന നാട്ടുപുറത്തുകാരൻ ജീപ്പ് ഡ്രൈവറായാണ് മമ്മൂക്ക സ്‌ക്രീനിലെത്തിയത്. റിലീസ് ചെയ്ത് രണ്ട് മാസത്തിനിന് ശേഷം ടർബോ ഇതാ ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. പിന്നാലെ സോഷ്യൽ മീഡിയയിലും ചിത്രത്തെ കുറിച്ച് ചർച്ച കൊഴുക്കുന്നുണ്ട്. വലിയ ഹൈപ്പുമായി എത്തിയ ചിത്രം ലാഗ് അടിപ്പിച്ചാണ് മുന്നോട്ട് പോകുന്നതെന്ന വിമർശനമാണ് ഉയരുന്നതിലധികവും. ചിത്രത്തിന്റെ ഓരോ ഇഴകീറി പരിശോധിച്ചുള്ള റിവ്യൂകളാണ് പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ രണ്ട് റിവ്യൂകൾ
രഞ്ജിത്ത് രവീന്ദ്രൻ പങ്കുവച്ച കുറിപ്പ്
ആദ്യമേ പറയട്ടെ ഞാൻ ഒരു മമ്മൂട്ടി ആരാധകനല്ല. പക്ഷെ കഴിഞ്ഞ 10 വർഷത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമയാണ് റ്റർബൊ എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. നിങ്ങളെ ഞാൻ കുറ്റം പറയില്ല എന്റെ ഭാര്യ പോലും അത് വിശ്വസിച്ചില്ല.
സിനിമ ഒരേ പൊളി, തുടക്കം തൊട്ട് തീരുവോളം ഒരേ വൈബ്, ഉഫ്. വൈശാഖ് ഇക്കയെ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. ആക്ഷന്റെയും മെതേഡ് ആക്റ്റിങ്ങിന്റെയും ഒരു മാസ്റ്റർ ക്ലാസാണ് റ്റെർബൊ.
പള്ളി പെരുന്നാളിന് സ്ഥിരം തല്ലുണ്ടാക്കുന്ന ഒരു യുവാവായാണ് മമ്മൂക്ക. എന്റെ ദൈവമേ എങ്ങനീ മനുഷ്യൻ വാർദ്ധക്യത്തിലും ഇങ്ങനെ യൗവനം കാത്തു സൂക്ഷിക്കുന്നു എന്ന് തോന്നിപ്പോയി. കഥാപാതകത്തിന്റെ പ്രായത്തിൽ എത്തിക്കാൻ മേക്കപ്പിൽ ചില ചുളിവുകൾ ഒക്കെ മുഖത്തിട്ടിട്ടുണ്ട്, അതാണ് സിനിമയിൽ ഒരൽപ്പം പ്രശ്‌നമായി തോന്നിയത്, ചെറുപ്പക്കാരൻ ആയി തന്നെ കാണിച്ചാൽ മതിയായിരുന്നു. പക്ഷെ ഓരൊ ഫ്രേമിലും നമ്മൾ ഇക്കായെ കണ്ടിരുന്നു പോകും. ഏത് സീൻ കണ്ടാലും മനസ്സിലാകും വൈശാഖ് മമ്മൂക്കയെ നന്നായി ഉപയോഗിച്ചിട്ടുണ്ട് എന്ന്.
എനിക്ക് മമ്മൂക്കയിലെ മെതേഡ് ആക്റ്റർ കെട്ടുപൊട്ടി വെളിയിൽ ചാടിയ സന്ദർഭമായി തോന്നിയത് ഒരു വില്ലന്റെ പിന്നാലെ ഓടുന്ന സീനാണ്. മമ്മൂക്കക്ക് പ്രായമായി ഓടാൻ വയ്യ എന്നൊക്കെ കമന്റ് കണ്ടു. പക്ഷെ ആ സീൻ ഒന്നു കൂടി കണ്ടാൽ അറിയാം, ആ മെതേഡ് ആക്റ്റിംഗ് മാസ്റ്റർ ക്ലാസ്. അങ്ങനൊരു ഇടി കഴിഞ്ഞാൽ ആളുകൾ മുടന്തിയേ ഓടു. ഇങ്ങനെ സറ്റിൽ ആയ ചില കാര്യങ്ങൾ കഥാപാത്രത്തിൽ കൊണ്ടുവരുന്നതാണ് ആ മനുഷ്യന്റെ ബ്രില്യൻസ്.
പിന്നങ്ങോട്ട് സിനിമ ഒരു കെഎസ്ആർറ്റിസി സൂപ്പർ ഫാസ്റ്റ് പോലെ പറക്കുവാണ്. ഇടക്ക് ആ സ്പീഡ് കാരണം 3X ഇൽ ഇട്ടിട്ടുപോലും ആസ്വാദനത്തിൽ ഒരു കുറവും വന്നില്ല എന്ന് എടുത്ത് പറയണം. മമ്മൂക്ക ഒരേ പൊളി. നമ്മൾ കണ്ടുമറന്ന വിന്റേജ് മമ്മൂക്കയുടെ ഭാവങ്ങൾ നമുക്ക് കാണാം. ഇടക്ക് ഒന്ന് അറിയാതെ ഉറങ്ങി എണീറ്റപ്പോൾ ഒരു നിമിഷം ഏത് സിനിമയാണ് എന്ന് സംശയമായി, അജ്ജാതി മെതേഡ് ആക്റ്റിംഗ്. ശരിക്കും വൈശാഖ് മമ്മൂക്കയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.
പിന്നെ ക്ലൈമാക്‌സ് വരെ ഒരേ പൊളി. അതിനിടക്ക് ഇക്ക ഹാമർ എടുത്തിട്ട് അലക്കുന്ന സീനുണ്ട്. മോനെ ആ സ്വാഗ്, തോർ മൂവിയിൽ പോലും ഇത്ര ഭംഗിയായി ഹാമർ ഉപയോഗിച്ചിട്ടുണ്ടാവില്ല. ഇക്ക ജനിച്ചത് ഇവിടായിപ്പോയി അല്ലെങ്കിൽ തോർ മൂവിയിൽ പെർഫക്റ്റ് കാസ്റ്റ് ആരുന്നു.
ആകെ മൊത്തത്തിൽ പൊളി. 15 മിനിറ്റ്‌സ് വെൽ സ്‌പെന്റ്! വൗ ആം എ മമ്മൂട്ടി ഫാൻ നൗ ഉഫ്. വൈശാഖ് ഇക്കയെ നന്നായി ഉപയോഗിച്ചിട്ടുണ്ട്
റേറ്റിംഗ് 6.9/10
വിനോദ് വിഎം പങ്കുവച്ച കുറിപ്പ്
പൂർണമായും ഫിസിക്‌സിനെ അതിജീവിച്ച ആദ്യ മുഴുനീള മലയാള ചലച്ചിത്രം ‘ടർബോ ‘ കണ്ട് തീർത്തു (Sony Liv OTT). മാസ് എന്ന് പറഞ്ഞാല് പോരാ, കൊല മാസ്.. ‘അവസാനിപ്പിക്കാൻ പറ്റാതതോന്നും ജോസ് തുടങ്ങി വയ്ക്കാറില്ല’ എന്ന ഇന്ദുലേഖയുടെ ഡയലോഗ് മാത്രമാണ് പടം കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരുടെ ഏക പ്രതീക്ഷ .
‘നിനക്ക് നിന്റെ അമ്മയെ വേണോ അതൊ വെറും ഒരു പെണ്ണിനെ വേണമോ’ എന്നുള്ള വെട്രിവേലിന്റെ ഞെട്ടിക്കുന്ന ചോദ്യത്തെ ജോസ് നേരിടുന്ന വികാരനിർഭരമായ രംഗങ്ങൾ കരളലിയിച്ചു ..റിമോട്ടിലെ ബട്ടണുകൾ ഞെക്കാൻ പോലും ആവാതെ അസ്ത്രപ്രജ്ഞരായി അനുവാചകരെ മാറുന്ന വൈകാരിക വിക്ഷോഭത്തിന്റെ തിരമാലകൾ..,
അവസാനം ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല ശരിയായ ടർബോ ഒരു ലാഗുമില്ലാതെ കിക്കിൻ ചെയ്യാൻ പോകുന്നതേയുള്ളൂ എന്ന് തോന്നിപ്പിച്ചുകൊണ്ട് ഇതിനൊരു രണ്ടാം ഭാഗത്തിന് വഴിമരുന്നിട്ട മാരക ക്ലൈമാക്‌സ് .. ജസ്റ്റ് ഫന്റാബുലസ് .. മസ്റ്റ് വാച്ച്.. ഇനിയും ഒരു മൂന്നു തവണ കൂടി കാണണം എന്ന് ഓരോ പ്രേക്ഷകനും തോന്നിപ്പിക്കുന്ന ഇക്കായുടെ കൊലമാസ് ഐറ്റം
(PS. ഫിസിക്സിനെ മാത്രമല്ല ബയോളജിയെപ്പോലും ഈ ചിത്രം അതിജീവിച്ചു എന്ന് വേണം പറയാൻ .. പടത്തിന്റെ മുക്കാൽ ഭാഗത്തോളം ഇന്ദുലേഖയുടെ മാമന്റെ മോൾ നിരഞ്ജന ആയി വന്നത് മമിത ബൈജു ആണെന്നാണ് കരുതിയത്. പിന്നെയാണ് അത് ആമിന നിജാം ആണെന്ന് മനസ്സിലായത്
അതേസമയം സൗത്ത് ഇന്ത്യൻ ബോക്‌സ് ഓഫീസ് ആണ് ടർബോയുടെ ഫൈനൽ ബോക്‌സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ടു . ഇതുപ്രകാരം കേരളത്തിൽ നിന്നും 36 കോടി രൂപയാണ് ടർബോ നേടിയിരിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ അഞ്ച് കോടി, ഡൊമസ്റ്റിക് ഗ്രോസ് നാൽപത്തി ഒന്ന് കോടിയും നേടി. യുഎഇ, ജിസിസി എന്നിവിടങ്ങളിൽ നിന്നായി 25.7 കോടി രൂപയാണ് ടർബോ കളക്ട് ചെയ്തത്. ബാക്കി വിദേശ രാജ്യങ്ങളിൽ നിന്നും 6.3കോടിയും നേടി. അങ്ങനെ ആകെ ഓവർസീസ് കളക്ഷൻ മുപ്പത്തി രണ്ട് കോടിയാണ്. ആഗോളതലത്തിൽ 73 കോടിയും മമ്മൂട്ടി ചിത്രം സ്വന്തമാക്കി. അതേസമയം, 70 കോടി വരെ ചിത്രം നേടിയെന്ന് നേരത്തെ ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 23.5 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.
Discussion about this post