തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഭരീരഥ പ്രയത്‌നത്തിൽ പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിക്കുന്ന പരസ്യം അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ തീരുമാനമായി.
മലയാളികളേറെയുള്ള കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രദർശിപ്പിക്കുക.
ഒരുതവണ പ്രദർശനത്തിന് 162 രൂപയാണ് നൽകുക. പരമാവധി 28 ദിവസം പ്രദർശിപ്പിക്കണം. ഇതിനെല്ലാമായി അന്തർസംസ്ഥാന പബ്ലിക് റിലേഷൻസ് പ്ലാനിൽനിന്ന് 18.2 ലക്ഷം രൂപ സംസ്ഥാന വിവര-പൊതുസമ്പർക്ക വകുപ്പ് (പിആർഡി) അനുവദിച്ചു.
കേരളത്തിന്റെ ഇടതുഭരണമാതൃക വിവരിച്ചുള്ളതാണ് പരസ്യ പ്രദർശനം. പിആർഡിയുടെ എംപാനൽഡ് ഏജൻസികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളിൽ സിനിമാപ്രദർശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
Discussion about this post