ന്യൂഡൽഹി:തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇറാൻ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് ആണ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത് . ഈ ആഴ്‌ച ആക്രമണമുണ്ടായേക്കാം എന്നാണ് വൈറ്റ്ഹൈസ് വൃത്തങ്ങൾ അറിയിക്കുന്നത്. വൈറ്റ് ഹൈസ് വക്താവ് ജോൺ എഫ് കിർബി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികാര ആക്രമണം പ്രതീക്ഷിച്ച് ഇസ്രായേൽ സൈന്യം സജ്ജരാണെന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൌസിൻരെ മുന്നറിയിപ്പ്.
ഇറാനെതിരെ ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങൾക്ക് തിരിച്ചടിക്കുമെന്ന് ഇറാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മിഡിൽ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്. ജൂലൈ 31 ന്ഹമാസ് നേതാവ് ഇസ്മായേൽ ഹനിയയെ ടെഹ്‌റാനിൽ വെച്ച് , ഇസ്രായേൽ കൊലപ്പെടുത്തി. തുടർന്ന് ലെബനനിൽ വെച്ച് ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിന് നേരെയും വ്യോമാക്രമണം നടത്തി .
സ്ഥിതിഗതികൾ രൂക്ഷമായതോടെ, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പിന്തുണച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ ഉൾപ്പെടെ അഞ്ച് ലോക നേതാക്കൾ രംഗത്ത് വന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങൾ സംഘർഷം അവസാനിപ്പിക്കാനും കൂടുതൽ അക്രമങ്ങൾ തടയാനും ശ്രമിക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും പ്രതിസന്ധി നേരിടാൻ നേരിട്ടുള്ള നടപടികൾ സ്വീകരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡൻറ്മസൂദ് പെസെഷ്‌കിയാനുമായി ലോകനേതാക്കൾ ബന്ധപ്പെട്ടു.
ഈജിപ്തിൻറെയും ഖത്തറിൻറെയും മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ചർച്ച വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇറാൻ ആക്രമണം നടത്തിയാൽ, സമാധാന ചർച്ചകൾ നടക്കുമോ എന്ന് തന്നെ കണ്ടറിയണമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി ഉന്നത സൈനിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങൾ വിലയിരുത്തി. പ്രതിരോധം ശക്തിപ്പെടുത്താനാണ് ഐഡിഎഫ് ചീഫിൻറെ നിർദ്ദേശം.
പെൻറഗണും പ്രതിരോധ നിര ശക്തിപ്പെടുത്തിയിട്ടുണ്ട്. അധിക യുദ്ധവിമാനങ്ങൾ മിസൈൽ പ്രതിരോധ കപ്പലുകളും ഗൈഡഡ്-മിസൈൽ അന്തർവാഹിനി യുഎസ്എസ് ജോർജിയയ്ക്കൊപ്പം മിഡിൽ ഈസ്റ്റിൽ വിന്യസിക്കാൻ യുഎസ് തീരുമാനിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ III ഇക്കാര്യം ഉത്തരവിട്ടതായി പെൻറഗൺ വക്താവ് ജനറൽ പാട്രിക് റൈഡർ സ്ഥിരീകരിച്ചു.
Discussion about this post