കോഴിക്കോട്; ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായ കാഫിർ സന്ദേശ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് പാർട്ടി അനുകൂല സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെയാണെന്ന പോലീസ് കണ്ടെത്തലോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. റെഡ് എൻകൗണ്ടർ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഈ സ്‌ക്രീൻഷോട്ട് ആദ്യം ലഭിച്ചതെന്നും വടകര പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്‌ക്രീൻ ഷോട്ട് ലഭിച്ചതായും പോലീസ് പറഞ്ഞിരുന്നു. വ്യാജ സ്‌ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത ‘പോരാളി ഷാജ എന്ന ഫേസ്ബുക് പേജിന്റെ ഉടമ വഹാബിന്റേത് ഉൾപ്പടെ നാല് മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുണ്ട് അമൽ, മനീഷ്, റിബേഷ്, വഹാബ് എന്നിവരുടെ മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്.
2024 ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. മിനുട്ടുകൾക്കു ശേഷം ഏപ്രിൽ 25ന് ഉച്ചയ്ക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അമൽ റാം എന്നായൾ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു.വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. അഡ്മിൻ മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയിൽ വടകര പോലീസ് വ്യക്തമാക്കുന്നുണ്ട്.
കേസിലെ 20 മുതൽ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രചരിപ്പിച്ച നാലുപേരും. ഇവരാരും കേസിൽ പ്രതികളല്ല. എന്നാൽ വിവാദപോസ്റ്റ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാൽ ഫേസ്ബുക്കിനെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. അത് പോസ്റ്റുചെയ്ത പേജിന്റെ അഡ്മിനെതിരേ കേസുമില്ല.
ഇത്കൂടാതെ കാഫിർ കേസ് അന്വേഷിച്ച കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസനെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു കാഫിർ സ്‌ക്രീൻഷോട്ട് കേസ് അന്വേഷിച്ചിരുന്നത്. ടി നാരയണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.
Discussion about this post