തിരുവനന്തപുരം: കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി ഉമറിനെയാണ് കണ്ടെത്തിയത്. സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ട് പോയത്.
വിമാനത്താവളത്തിൽ നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം.
വിദേശത്ത് നിന്നും എത്തിയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിൽ നിന്നും സ്വർണം കൈപ്പറ്റാൻ വേണ്ടിയായിരുന്നു ഉമർ വിമാനത്താവളത്തിൽ എത്തിയത്. ഇതറിഞ്ഞാണ് സ്വർണം പൊട്ടിക്കൽ സംഘവും ഇവിടെയെത്തിയത്. സ്വർണം കൊണ്ടുവന്നയാളെ കണ്ട് വിമാനത്താവളത്തിന് പുറത്തുവന്ന ഉമർ ഓട്ടോറിക്ഷയിൽ കയറി റെയിൽ വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടെ പിന്തുടർന്ന സംഘം ഇവരെ വേഗം കാറിൽ പിടിച്ച് കയറ്റി കൊണ്ട് പോകുകയായിരുന്നു. സ്വർണം ഉമറിന്റെ പക്കൽ ഉണ്ടെന്ന ധാരണയെ തുടർന്നായിരുന്നു ഇത്.
എന്നാൽ ഉമർ സ്വർണം കൈപ്പറ്റിയിരുന്നില്ല. ഇത് മനസ്സിലായതോടെ സ്വർണം പൊട്ടിക്കൽ സംഘം ഉമറിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഉമറിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനം പോലീസ നേരത്തെ തന്നെ കണ്ടെടുത്തിരുന്നു.
ഉമറിനെ തട്ടിക്കൊണ്ട് പോയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. യുവാവിനെ തട്ടിക്കൊണ്ട് പോയത് സ്വർണക്കടത്ത് സംഘം ആണെന്ന് പോലീസിന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സംഭവത്തിൽ ഉമറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post