കൊല്ലം : രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് മൂന്നേമുക്കാലിന് ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
ഇനി മുതൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരമുള്ള കേസുകളിൽ പരാതി നൽകുന്നതും പരിശോധിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും വക്കാലത്ത് നൽകുന്നതും മുതൽ നോട്ടീസ് അയക്കുന്നതും ഓൺലൈനാകും. ഡിജിറ്റൽ ഷെയറിംഗ് സംവിധാനം വഴിയാണ് സമൻസ് അയക്കുന്നതും പരാതിയുടെ പകർപ്പ് എതിർ കക്ഷികൾക്ക് കൈമാറുന്നതും. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൽ ആയി പൂർത്തിയാക്കും.
അഭിഭാഷകരും കക്ഷികളും ഹാജരാകുന്നതും ഓൺലൈനിലാകും എന്നതാണ് ഇതിൽ ശ്രദ്ധേയം. ഇനി മുതൽ സമയം നഷ്ടപ്പെടുത്തി നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല. ജാമ്യാപേക്ഷകളും ഓൺലൈനായി പരിഗണിക്കും. തെളിവുകൾ പരിഗണിക്കുന്നതും വാദവും വിധി പറയുന്നതും ഓൺലൈനിലാണ്. വിധിന്യായത്തിന്റെ പകർപ്പ് ഉൾപ്പടെയുള്ള രേഖകൾ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ഒപ്പിട്ട് ഓൺലൈനിൽ നൽകും.
Discussion about this post