ചണ്ഡീഗഡ്: പഞ്ചാബിൽ ഹിന്ദു സംഘടനാ നേതാവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രതികൾക്ക് ആയുധം എത്തിച്ച് നൽകിയ ധർമീന്ദർ കുമാറിനെ ആണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് എൻഐഎ വ്യക്തമാക്കി. വിശ്വ ഹിന്ദു പരിഷത് നേതാവ് വികാസ് പ്രഭാകർ ആണ് കൊല്ലപ്പെട്ടത്.
വികാസ് പ്രഭാകറിന്റെ കൊലപാതകത്തിന് പിന്നാലെ ലുധിയാനയിലെ ബാൽമീകി കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്നു ധർമീന്ദർ. ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ എൻഐഎ സംഘം കോളനിയിൽ എത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്തു. മദ്ധ്യപ്രദേശിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചത് എന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഖാലിസ്ഥാൻ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ആയുധം നൽകിയത് എന്നും ഇയാൾ വ്യക്തമാക്കി.
ഏപ്രിൽ 16 നായിരുന്നു വികാസ് പ്രഭാകർ കൊല്ലപ്പെട്ടത്. പഞ്ചാബിലെ നൻഗലിൽവച്ച് അദ്ദേഹത്തെ അക്രമി സംഘം വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഖാലിസ്ഥാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് കേസ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. കേസിൽ ഇനി രണ്ട് പേർ പിടികൂടാനുണ്ട്. ഇവർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post