തിരുവനന്തപുരം: ദിലീപ് കേസിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്ക് സിനിമയിലെ അവസരങ്ങൾ നഷ്ടമായി എന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത് പോലെ സിനിമയിൽ പവർ ഗ്രൂപ്പുകൾ ഉണ്ടാകാമെന്നും ജോയ് മാത്യു വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ പവർ ഗ്രൂപ്പ് ഉണ്ടല്ലോ. അത് പോലെ സിനിമാ മേഖലയിലും പല തട്ടുകളിൽ പവർ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതോടെ തനിക്കും അവസരങ്ങൾ നഷ്ടമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായും സർക്കാർ പുറത്തുവിടണം ആയിരുന്നു. ഭാഗങ്ങൾ ഒഴിവാക്കിയത് തെറ്റായി പോയി എന്നും ജോയ് മാത്യു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ രംഗത്തുള്ള എല്ലാവരും മോശക്കാരാണ് എന്ന പ്രതീതി ഉണ്ടായി. ചില ഭാഗങ്ങൾ പുറത്തുവിടാതെ ഇരുന്നതാണ് ഇതിന് കാരണം ആയത്. ഒളിച്ചുവച്ച വിവരങ്ങൾ പുറത്തുവരണം. സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾക്ക് അമ്മ പരിഹാരം കാണണം. ഇതേക്കുറിച്ച് ചർച്ച നടത്തണം. സിനിമ മേഖലയിൽ സ്ത്രീകളുടെ സൗകര്യങ്ങൾ മെച്ചപ്പെടണം. നാലര വർഷമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ട് പൂഴ്ത്തിവച്ചതിലൂടെ സർക്കാർ തെറ്റ് ചെയ്തുവെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.
Discussion about this post