കൊച്ചി: ജസ്റ്റിസ് ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമലോകത്തെ പ്രമുഖവിഗ്രങ്ങളാണ് ഉടഞ്ഞ് വീണിരിക്കുന്നത്. കമ്മറ്റി റിപ്പോർട്ടിന്റെ ആദ്യ വരി തന്നെ ‘തിളക്കമുള്ള മിന്നുന്ന നക്ഷത്രങ്ങളും സുന്ദരചന്ദ്രനുമാണ് ദുരൂഹതകളുടെ ആകാശത്തുള്ളത്. സത്യം അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ട് തന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്’. എന്നാണ്. ഇതിലുണ്ട് മലയാള സിനിയിലെ ദുരൂഹതകളും പ്രശ്‌നങ്ങളും.
കുറച്ച് കാലം മുൻപ് ഒരു സൂപ്പർഹിറ്റ് നായിക മേക്കപ്പിട്ടിരുന്നിട്ടും സീനിലേക്ക് വിളിക്കുന്നില്ല. മൂന്നു ദിവസം അങ്ങനെ കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി. അന്ന് സിനിമ ഭരിച്ചിരുന്ന തമ്പുരാന് നായികയെ സൗകര്യത്തിനു കിട്ടാത്തതായിരുന്നു കാരണം. സിനിമയിൽ അഭിനയിക്കാൻ തയ്യാറായി എത്തുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും ബയോഡേറ്റയ്‌ക്കൊപ്പം ‘സഹകരിക്കാൻ തയ്യാറാണ്’ എന്ന് സംവിധായകനെയോ മറ്റുള്ളവരെയോ അറിയിക്കാറുണ്ട്! അവർ ‘സഹകരിച്ച്’ മുന്നോട്ടു പോവുകയും ചെയ്യും. അതിനപ്പുറത്ത്,? അഭിമാനവും ധാർമ്മികതയുമൊക്കെ മുറുകെപ്പിടിച്ച് എത്തുന്നവരെ നിർബന്ധിക്കുകയോ ട്രാപ്പിൽ പെടുത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്‌നമാകുന്നത്രേ. സൗന്ദര്യമുണ്ട്, അഭിനയിക്കാൻ അറിയാം. അല്പമൊക്കെ വിട്ടുവീഴ്ച ചെയ്താൽ പണം, പ്രശസ്തി എന്നിവ തേടിയെത്തുമെന്ന വിശ്വാസത്തിൽ ഇപ്പോഴും രണ്ടും കല്പിച്ച് രംഗത്തെത്തുന്നവരുണ്ട്.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപവും മൊഴിപ്പകർപ്പുകളും കോടതിയിൽ നൽകേണ്ടിവരുമെന്നുറപ്പായതോടെ നിയമപരമായ സാധ്യതകൾതേടി സർക്കാർ. വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് കോടതിയിലെത്തുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാതലത്തിലുമുള്ള നിയമപരമായ പരിശോധന നടക്കുന്നത്.
Discussion about this post