എറണാകുളം: സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവകഥാകൃത്ത്. കൊല്ലത്തെ ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും ആരോടും പറയരുതെന്ന് പറഞ്ഞ് പതിനായിരം രൂപ അയച്ച് തന്നുവെന്നും യുവതി പറഞ്ഞു. സംഭവത്തിൽ യുവതി ഡിജിപിയ്ക്ക് പരാതി നൽകി.
രണ്ട് വർഷം മുമ്പാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശിനെ ഫോണിൽ വിളിച്ചത്. കഥയുടെ ത്രഡ് ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഹോട്ടലിൽ രണ്ട് മുറി അദ്ദേഹം ബുക്ക് ചെയ്തിരുന്നു. അവിടെ വച്ച് കഥ പറഞ്ഞ് കുറച്ചായപ്പോൾ അദ്ദേഹം മദ്യം ഓഫർ ചെയ്യുകയും അഭിനയിക്കാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചു. ഇല്ലെന്ന് പറഞ്ഞിട്ടും അയാൾ നിർബന്ധിച്ചു തുടങ്ങി. താൻ അഭിനയിച്ചു കാണിച്ചു തരാം, അതുപോലെ അഭിനയിക്കാനും പറഞ്ഞു.
ഇന്റിമേറ്റും വളരെ വൾഗറായിട്ടുമുള്ള സീൻ ആണ് തനിക്ക് തന്നത്. എങ്ങനെയാണ് അഭിനയിക്കുന്നത് കാണിച്ചു തരാമെന്ന് പറഞ്ഞ് സ്പർശിക്കാനും ചുംബിക്കാനും കിടക്കയിലേയ്ക്ക് കിടത്താനുമെല്ലാം ശ്രമിച്ചു. ഇതോടെ, സർ പോയ്‌ക്കോളൂ താൻ വന്ന് കഥ പറഞ്ഞോളാം എന്ന് പറഞ്ഞ് മാറുകയായിരുന്നു. പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി എറണാകുളത്തേക്ക് തിരിച്ചു പോയെന്നും യുവതി പറഞ്ഞു.
പിറ്റേന്ന് അദ്ദേഹത്തിന്റെ ഫോണിൽ നിന്നും നിരവധി കോളുകൾ വന്നിട്ടുണ്ടായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ ക്ഷമ ചോദിച്ചു. മക്കളെല്ലാം സിനിമയിൽ സജീവമാണ്. ആരോടും പറയരുതെന്ന് പറഞ്ഞു. അതിന് ശേഷം ഫോണിലേയ്ക്ക് പതിനായിരം രൂപ അയച്ച് തന്നുവെന്നും യുവതി വെളിപ്പെടുത്തി.
കുഴപ്പമില്ലെന്ന് പറഞ്ഞ് അന്ന് അത ക്ലോസ് ചെയ്തതാണ്. പിന്നീട് ഒരു കോൺടാക്ടും ഉണ്ടായിട്ടില്ല. ഒരുപാട് പേർ മുന്നോട്ട് വന്നതുകൊണ്ടാണ് ഇപ്പോൾ ഇത് തുറന്ന് പറഞ്ഞത്. ഇപ്പോഴാണ് ധൈര്യം വന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post