ഭൂമി വളരുന്നില്ലെങ്കിലും മനുഷ്യനും അവന്റെ കുലവും വളരുകയാണ്. അക്ഷരാർത്ഥത്തിൽ പെരുകുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ മാലിന്യങ്ങളും ഭൂമിയിൽ കുമിഞ്ഞു കൂടുകയാണ്. ഈ പ്രശ്‌നത്തിന് ചെറുതെങ്കിലും ഫലപ്രദമായ പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഓസ്ട്രേലിയയിലെ മക്വയർ സർവകലാശാലയിലെ ഗവേഷകർ.
ജനിതകഗവേഷണം വഴി ഈച്ചകളിൽ ചിലമാറ്റങ്ങൾ വരുത്തി പുതിയ തരം ഈച്ചകളെ സൃഷ്ടിച്ച് മാലിന്യപ്രശ്നത്തിന് പരിഹാരമേകാനാണ് ശ്രമം. മനുഷ്യർ പുറത്തുവിടുന്ന ഓർഗാനിക് ഗണത്തിലുള്ള മാലിന്യത്തെയാണ് ഇത് ഭക്ഷിക്കുന്നത്. അതിനു ശേഷം ലൂബ്രിക്കന്റുകൾ, ബയോഫ്യുവൽ തുടങ്ങി കാലിത്തീറ്റ ആയി വരെ ഉപയോഗിക്കാവുന്ന രാസ ഘടകങ്ങൾ ഇവ ഉൽപാദിപ്പിക്കും.
ഓർഗാനിക് മാലിന്യങ്ങളിൽ നിന്ന് മീഥെയ്ൻ ഉത്പാദിപ്പിക്കപ്പെടുന്നതിന് കുറവുണ്ടാക്കാമെന്നതാണ് ഈ ഈച്ചകളുടെ ഏറ്റവും വലിയ ഉപയോഗം. ആഗോളതാപനത്തിനു വഴിവയ്ക്കുന്ന പ്രധാനപ്പെട്ട വാതകങ്ങളിലൊന്നാണ് മീഥെയ്ൻ.
അന്റാർട്ടിക്ക ഒഴിച്ച് ഭൂമിയിലെ എല്ലാ വൻകരകളിലും കാണപ്പെടുന്ന ഈച്ചകളാണ് ബ്ലാക് സോൾജ്യർ ഫ്‌ലൈ.കാളീച്ചകളെ വളർത്തിയുള്ള മാലിന്യസംസ്‌കരണവും തീറ്റയുൽപാദനവും ഇന്നു ലോകമെങ്ങും പ്രചാരം നേടുന്നുണ്ട്.ഉയർന്ന തീറ്റപരിവർത്തനശേഷിയുള്ളവയാണ് ഈ കാളീച്ച ലാർവകൾ. നന്നായി തിന്ന് നന്നായി വളരുന്നവ. നിശ്ചിത ദിവസങ്ങൾക്കു ശേഷം തീറ്റ മതിയാക്കി പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഈ ലാർവകളെ അടുക്കളമുറ്റത്തെ കോഴിക്കോ അടുക്കളക്കുളത്തിലെ മത്സ്യത്തിനോ തീറ്റയായി നൽകാം.
Discussion about this post